ന്യൂഡൽഹി: പ്രണയബന്ധത്തിന്‍റെ പേരില്‍ സഹോദരന്മാരെ അയൽവാസി കുത്തിവീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ സഹോദരന്മാരിലൊരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹിയിലെ സബ്‌ജി മണ്ഡിയിൽ ഞായറാഴ്‌ച (11.9.2022) വൈകിട്ടാണ് സംഭവം.
സബ്‌ജി മണ്ഡി സ്വദേശി പ്രിൻസ്, സഹോദരൻ മിഹിർ എന്നിവരെയാണ് അയല്‍വാസിയായ മുന്നു എന്ന് വിളിക്കുന്ന സിദ്ധാർഥ് ആക്രമിച്ചത്. പ്രദേശത്തെ ഒരു യുവതിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിലായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായിരുന്നു.
സംഭവദിവസം കത്തിയുമായെത്തിയ പ്രതി സഹോദരന്മാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതര പരിക്കുകളുമായി മിഹിര്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രതിയും സഹോദരന്മാരും തമ്മിൽ ഏറെ നാളായി മുൻവൈരാഗ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.