പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘം ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തു. പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയില്‍ ഭാരതപ്പുഴയോരത്ത് പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്ക് ഓടിച്ചിരുന്ന പ്രതി ഫിറോസുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബൈക്ക് കണ്ടെടുത്തത്. ബൈക്കിന്റെ സീറ്റിലും ഫൂട്ട് റെസ്റ്റിലും രക്തക്കറ കണ്ടെത്തി. ഫോറന്‍സിക് സംഘം ബൈക്ക് പരിശോധിച്ചു.
നേരത്തെ കൃത്യത്തിന് ഉപയോഗിച്ച ബൈക്കുകളില്‍ ഒന്നിന്റെ അവശിഷ്‌ടം കൊണ്ടൂര്‍ക്കരയില്‍ പൊളിച്ചുവിറ്റെന്ന വിവരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് രണ്ടു ബൈക്കുകളുടെ ഭാഗങ്ങളും നമ്പര്‍പ്ലേറ്റുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ അതിലൊന്ന് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ബൈക്കിന്റേതായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് തീരദേശ പാതയില്‍ കണ്ടെത്തിയതോടെ അന്വേഷണത്തില്‍ അവ്യക്തത വരുത്താനും പൊലീസിനെ കബളിപ്പിക്കാനും ശ്രമം നടന്നു എന്ന സംശയം ബലപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ നര്‍ക്കോട്ടിക് ഡിവൈഎസ്‌പി എം. അനില്‍കുമാര്‍, ചെര്‍പ്പുളശ്ശേരി സിഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.