ബെംഗളൂരു: താന്‍ കൊടുത്ത ഭക്ഷണം കഴിക്കാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മകനും ബെംഗളൂരു പൊലീസിന്‍റെ പിടിയില്‍. സംഭവത്തില്‍ പ്രതികളായ ശശികല (46), മകൻ സഞ്ജയ് (26) എന്നിവരെ മഹാരാഷ്‌ട്രയിലെ കോലാപ്പൂരിൽ വച്ച് കെങ്കേരി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ വസന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കൊലപാതകം പുറത്തറിയാതിരിക്കാന്‍ രക്ഷപ്പെട്ട് ഒളിച്ചുകഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
2016 ഓഗസ്‌റ്റിലാണ് സംഭവം നടക്കുന്നത്. സഞ്ജയ് വാങ്ങി വന്ന ഗോബിമഞ്ചുരി കഴിക്കാൻ മുത്തശ്ശി ശാന്തകുമാരി (69) വിസമ്മതിക്കുകയും ഭക്ഷണം ഇയാള്‍ക്കുനേരെ എറിയുകയും ചെയ്‌തു. ഇതെത്തുടര്‍ന്ന് സഞ്ജയും മുത്തശ്ശിയും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇതിനിടെ കോപാകുലനായ സഞ്ജയ് അടുക്കളയില്‍ ഉപയോഗിക്കുന്ന ഒരു പാത്രമെടുത്ത് മുത്തശ്ശിയുടെ തലയില്‍ അടിച്ചു. അടിയേറ്റതിനെ തുടര്‍ന്നുള്ള കടുത്ത രക്തസ്രാവത്തെ തുടർന്ന് ശാന്തകുമാരി വൈകാതെ മരിക്കുകയായിരുന്നു.
ക്രൈം പാര്‍ട്‌ണറായത് 'അമ്മ': തന്‍റെ അമ്മയെ മകന്‍ കൊലപ്പെടുത്തുന്നത് കണ്ട് ശശികല ആദ്യം പൊലീസിനെ വിവരമറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മകന്‍ സഞ്ജയ് ഇവരെ പറഞ്ഞ് ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. പുത്രവാത്സല്യം ഒടുവില്‍ ശശികലയെ അതിന് സമ്മതിപ്പിച്ചു. പിന്നീട് ഇരുവരും കൊലപാതകം ഒളിപ്പിക്കാനുള്ള ശ്രമങ്ങളിലേക്ക് നീങ്ങി. മൃതദേഹം പുറത്ത് സംസ്‌കരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ സഞ്ജയ് സുഹൃത്ത് കുമ്പളഗോഡി സ്വദേശി നന്ദീഷിനെ സഹായത്തിന് വിളിച്ചു.
'ഒളിച്ചോട്ട'ത്തിനിടെ പിടിയില്‍: നന്ദീഷിന്‍റെ സഹായത്തോടെ ഇരുവരും മൃതദേഹത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ രാസവസ്‌തുക്കൾ ഒഴിച്ച ശേഷം അലമാരയില്‍ ഒളിപ്പിച്ചു. പിന്നീട് വീടിനകത്ത് തന്നെ കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ച് സിമന്‍റിട്ട് മൂട്ടി. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കിപ്പുറം ശശികലയും സഞ്ജയും കൊലപാതകം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനവും ശിക്ഷയും ഭയന്ന് വാടകവീട്ടില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അതുവരെ ആര്‍ക്കും അറിയില്ലായിരുന്നുവെങ്കില്‍ ഒളിച്ചോട്ടത്തോടെ സംഭവം പുറംലോകമറിഞ്ഞു.
സിമന്‍റ് പൊട്ടിച്ച് 'രഹസ്യം': 2017 മെയ് ഏഴിന് വീട്ടുടമ വാടകവീട്ടിലെ അറ്റകുറ്റപണികള്‍ക്കായി ചെന്നപ്പോഴാണ് കൊലപാതകത്തെക്കുറിച്ചറിയുന്നത്. വീട്ടിനകത്ത് ശാന്തകുമാരിയുടെ രക്തംപുരണ്ട സാരി കണ്ടതോടെ ഉടമ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് നന്ദീഷ് അറസ്‌റ്റിലായി. പിന്നീടാണ് ശശികലയും സഞ്ജയും അവരുടെ ജന്മനാടായ ഷിമോഗയിലെ സാഗറിലേക്ക് രക്ഷപ്പെട്ടതായും അവിടെ നിന്ന് മഹാരാഷ്‌ട്രയിലെ കോലാപ്പൂരിലാണെന്നും പൊലീസിന് വിവരം ലഭിക്കുന്നത്. പിടിയിലാകുമ്പോള്‍ സഞ്ജയ് ഒരു പ്രാദേശിക ഹോട്ടലിൽ സപ്ലൈയറായും അമ്മ ശശികല ക്ലീനറായും ജോലി ചെയ്‌തു വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.