ഗ്വാളിയോര്‍: മധ്യപ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം മിര്‍ച്ചി ബാബ എന്നറിയപ്പെടുന്ന വൈരാഗ്യാനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച(09.08.2022) ഗ്വാളിയാറില്‍ നിന്നാണ് മിര്‍ച്ചി ബാബയെ പിടികൂടിയത്. ആശ്രമത്തിലെത്തിയ ഭക്തയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് നടപടി. കേസില്‍ കൂടുതല്‍ നടപടികള്‍ക്കായി ഇയാളെ ഭോപ്പാലിലേക്ക് കൊണ്ടുവരികയാണെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ റിച്ച ചൗബെ പറഞ്ഞു.
ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് വളരെ കാലമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരിയായ യുവതി മിര്‍ച്ചി ബാബയുടെ ആശ്രമത്തിലെത്തിയത്. കുട്ടികളുണ്ടാകാന്‍ ചില പൂജകള്‍ ചെയ്താല്‍ മതിയെന്നായിരുന്നു ബാബയുടെ വാഗ്ദാനം. ഇതിന്റെ മറവിലാണ് മിര്‍ച്ചി ബാബ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
പൂജകള്‍ക്കായി ആശ്രമത്തിലെത്തിയ യുവതിക്ക് ബാബ പ്രസാദമായി എന്തോ നല്‍കിയെന്നും, അത് കഴിച്ചപ്പോള്‍ താന്‍ ബോധരഹിതയായെന്നും യുവതി പരാതിയില്‍ പറയുന്നു. ഈ സമയത്താണ് ബാബ തന്നെ ബലാത്സംഗം ചെയ്തത്. സാമൂഹിക അവഹേളനം ഭയന്നാണ് ഉടൻ പരാതി നൽകാൻ കഴിയാതിരുന്നതെന്നുമാണ് യുവതി അന്വേഷണസംഘത്തോട് പറഞ്ഞത്.
മധ്യപ്രദേശിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മിര്‍ച്ചി ബാബ. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയത്തിനായി കോൺഗ്രസിന്റെ പിന്തുണയോടെ അഞ്ച് ക്വിന്റൽ മുളക് ഉപയോഗിച്ച് യജ്ഞം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് മിര്‍ച്ചി ബാബ എന്ന പേര് ലഭിച്ചത്. ദിഗ്വിജയ് സിങ്ങിന് വേണ്ടി തെരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങിയ അദ്ദേഹം കോണ്‍ഗ്രസ് നേതാവ് പരാജയപ്പെട്ടാല്‍ ജലസമാധിയടയുമെന്ന് പറഞ്ഞും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.