മലപ്പുറം: യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന (Drug Market) നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ പിയിയില്‍. അന്താരാഷ്ട്രമാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ (MDMA Seized) മയക്കുമരുന്നുമായി മൊറയൂർ (Morayur) സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വൻ സാമ്പത്തികലാഭം പ്രതീക്ഷിച്ചാണ് യുവാക്കള്‍ മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലയിട്ടാണ് വില്‍പ്പന. ആവശ്യക്കാർ മോഹവിലകൊടുത്ത് വാങ്ങുമെന്നും ഇയാള്‍ മൊഴി നല്‍കി.
കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പ്രതീക്ഷ
ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈഎസ്.പി പി എം പ്രദീപ് അറിയിച്ചു.
ലക്ഷ്യം യുവാക്കളും വിദ്യാര്‍ഥികളും
കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ചാണ് കേരളത്തിലേക്ക് മാരക മയക്കുമുരുന്ന് എത്തിക്കുന്നത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവ പ്രധാനമായും വാങ്ങുന്നത്. ജില്ലയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തുന്നായി ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
രഹസ്യ നിരീക്ഷണം ശക്തമാക്കി പൊലീസ്
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ഡിവൈ എസ്.പി പി.എം പ്രദീപ്, സി.ഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിൽ ഓരുസംഘവും ഉദ്യോഗസ്ഥര്‍ ഒരാഴ്ചയോളമായി ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് പ്രധാന കണ്ണികളില്‍ ഒരാള്‍ കാറിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് മേൽമുറി ടൗണിനടുത്ത് ഹൈവേയിൽ വച്ച് കാറിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് പിടികൂടിയത്.