കാസർകോട് : ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 202.7 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിലായി. പത്തുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസർകോട് സ്വദേശികളായ സെമീർ, അബ്‌ദുൾ നൗഷാദ്, ഷാഫി, ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിക്ക് എന്നിവരെ എക്സൈസ് പിടികൂടി.
കൈപ്പാട് സ്വദേശി ബി.സി റാഷിദ് , പടന്ന കാവുന്തല സ്വദേശി സി.എച്ച് അബ്‌ദുൾ റഹ്‌മാൻ എന്നിവരെ ചന്തേര പൊലീസുമാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് നാലാംഗ സംഘം ജില്ലയിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. ആദൂറിൽ നിന്നാണ് പ്രതികളെ സാഹസികമായി എക്സൈസ് സംഘം പിടികൂടിയത്.
ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് വാഹനത്തിൽ പ്രതികളുടെ വാഹനമിടിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പ്രതികളിൽ നിന്ന് ലഹരിമരുന്നിനായി ഉപയോഗിക്കുന്ന ട്യൂബുകൾ, ബോങ്ങുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ബെംഗളൂരുവിൽ നിന്ന് ജില്ലയിലേക്ക് ലഹരി മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് എക്സൈസ് പറയുന്നത്.
ചന്തേര പൊലീസ് ഇൻസ്പെക്‌ടർ പി.നാരായണനും സംഘവുമാണ് രണ്ടു പേരെ അറസ്റ്റു ചെയ്‌തത്. ഒരാൾ ഓടി രക്ഷപ്പെട്ടു. പടന്ന തോട്ടു കരയിൽ വാഹന പരിശോധനക്കിടെയാണ് രണ്ടു യുവാക്കളിൽ നിന്നും എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എൽ.60.എൻ.8413 നമ്പർ ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.