പാലക്കാട്: അമ്പതോളം വിവാഹത്തട്ടിപ്പ് നടത്തിയ അഞ്ചംഗസംഘം പൊലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയെ വഞ്ചിച്ച് ഒന്നരലക്ഷം രൂപ തട്ടിച്ച് കടന്ന കേസിലെ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
തൃശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടിൽ എൻ സുനിൽ (40), പാലക്കാട് കേരളശേരി മണ്ണാൻപറമ്പ് അമ്മിണിപ്പൂക്കാട് വീട്ടിൽ വി കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംകാട് കാരയ്‌ക്കൽ വീട്ടിൽ സജിത (32), കാവിൽപ്പാട് ദേവീ നിവാസിൽ ദേവി (60), കാവശേരി ചുണ്ടക്കാട് അബ്ദുൾ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
2021 ഡിസംബർ 12നാണ് കേസിനാസ്‌പദമായ സംഭവം. തമിഴ്‌നാട് സേലം സ്വദേശി മണികണ്ഠനെ (38) സംഘാംഗം സജിത വിവാഹം കഴിച്ചശേഷം മുങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ മാരേജ് ബ്യൂറോയിലൂടെ വിവാഹ ആലോചന ക്ഷണിച്ച മണികണ്‌ഠനെ ഗോപാലപുരം അതിർത്തിയിലേക്ക് സംഘം വിളിച്ചുവരുത്തി ആളൊഴിഞ്ഞ ക്ഷേത്രത്തിൽ വച്ച് സജിതയുമായി വിവാഹം നടത്തുകയായിരുന്നു.
സജിതയുടെ അമ്മയ്‌ക്ക് സുഖമില്ലന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹത്തിന് തിടുക്കം. വിവാഹച്ചെലവ്, ബ്രോക്കർ കമ്മിഷൻ എന്നിങ്ങനെ ഒന്നരലക്ഷം രൂപ ഇവർ കൈപ്പറ്റി. വിവാഹം കഴിഞ്ഞ് വരനൊടൊപ്പം സേലത്തേക്ക് പോയ സജിതയ്ക്കൊപ്പം കൂട്ടാളി കാർത്തികേയനും പോയി. അമ്മയ്‌ക്ക് അസുഖം മൂർച്ഛിച്ചുവെന്ന് പറഞ്ഞ് രാത്രി തന്നെ ഇരുവരും നാട്ടിലേക്ക് മുങ്ങി.
പിന്നീട് ഇവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാതായതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്ത് എത്തി അന്വേഷിച്ചപ്പോഴാണ് വ്യാജമേൽവിലാസമാണ് സജിത നൽകിയതെന്ന് തിരിച്ചറിഞ്ഞത്.
ഡിസംബർ 21ന് മണികണ്‌ഠൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. കൊഴിഞ്ഞാമ്പാറ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തിത്തോടെ അന്വേഷിച്ചപ്പോഴാണ് സംഘം പിടിയിലായത്. സമാന രീതിയിൽ അമ്പതോളം പേരെ വഞ്ചിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ALSO READ:Actress Attack Case | 'ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കണം'; അന്വേഷണ സംഘം കോടതിയില്‍
ചിറ്റൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്‌ടർ എം ശശിധരന്‍റെ നേതൃത്വത്തിൽ എസ്ഐ വി ജയപ്രസാദ്, എഎസ്ഐ സി എം കൃഷ്ണദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ വിനോദ്‌കുമാര്‍, എ മണികണ്ഠൻ, സിവിൽ പൊലീസ് ഓഫീസർ എസ് പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്