മംഗളൂരു : കഞ്ചാവ് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്‌ത കേസില്‍ രണ്ട് ഡോക്‌ടര്‍മാരും, മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പടെ 9 പേരെ കൂടി മംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. സൂര്യജിത് ദേവ് (20), അയിഷ മുഹമ്മദ് (23) എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ ആകെ എണ്ണം 24 ആയി.
ഉത്തര്‍ പ്രദേശ് സ്വദേശികളായ ഡോ.വിധുസ് കുമാര്‍ (27), ഡോ ഇഷ് മിദ്ദ (27), ഡല്‍ഹി സ്വദേശിനി ശരണ്യ (23), കർണാടക സ്വദേശികളായ സിദ്ധാർഥ പാവസ്കർ (29), ദാർ സുധീന്ദ്ര (34), തെലങ്കാന സ്വദേശികളായ പ്രണയ് നടരാജ് (24) ദാർ ചൈതന്യ തുമുലുരി (23) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഏഴ് പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
അന്വേഷണത്തിന്‍റെ തുടക്കം : ജനുവരി ഏഴിന് നീല്‍ കിശോരിലാൽ റാംജി ഷാ എന്ന യുകെ വിദ്യാർഥിയുടെ താമസ സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ്, കളിത്തോക്ക്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ഡിജിറ്റൽ വെയ്റ്റ് മെഷീന്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തതിലൂടെയാണ് പൊലീസിന് കഞ്ചാവ് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് 23 പേരെ പിടികൂടിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ശശികുമാര്‍ പറഞ്ഞു.
കേസില്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. മംഗലാപുരത്ത് ആകെ 8 മെഡിക്കല്‍ കോളജുകളുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികളടക്കമുള്ളവരെ സൂക്ഷ്‌മമായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരുന്നതിനാല്‍ ഇത്തരം കേസുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പൊലീസിന് അന്വേഷണം ശക്തമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപടിയുമായി കോളജും : കഞ്ചാവ് കേസില്‍ പിടിയിലായ വിദ്യാര്‍ഥികളെ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജ് സസ്‌പെന്‍ഡ് ചെയ്‌തു. ബാലാജി, ഷമീർ, മലയാളി വിദ്യാര്‍ഥിനി നാദിയ സിറാജ്, വർഷിണി, റിയ ചദ്ദ, ക്ഷിതിജ് ഗുപ്‌ത, ഇറ ബേസിൻ, ഹർഷ കുമാർ, കിശോരി ലാൽ എന്നിവര്‍ക്കെതിരെയാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്.