ന്യൂഡല്‍ഹി: സ്വർണം കൊണ്ട് നിർമിച്ചതും വജ്രം പതിച്ചതുമായ ഏഴ് ആഡംബര വാച്ചുകളുമായി ഒരാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്‌റ്റംസിന്‍റെ പിടിയില്‍. വിപണിയില്‍ 27.09 കോടി രൂപ വിലമതിക്കുന്ന റിസ്‌റ്റ് വാച്ചുകളുമായാണ് ഇയാള്‍ കസ്‌റ്റംസിന്‍റെ പിടിയിലായത്. അതേസമയം വാണിജ്യപരമോ ആഡംബരമോ ആയ വസ്‌തുക്കളുടെ ഏറ്റവും വലിയ പിടിച്ചെടുക്കലായിരുന്നു ഇതെന്നും ഒറ്റത്തവണ ഏതാണ്ട് 60 കിലോ സ്വര്‍ണം പിടികൂടലിന് സമാനമാണ് ഇതെന്നും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്‌റ്റംസ് കമ്മിഷണർ സുബൈർ റിയാസ് കാമിലി പറഞ്ഞു.
ദുബായിൽ നിന്നെത്തിയ ഇന്ത്യന്‍ പൗരനെ ചൊവ്വാഴ്ചയാണ് (04.10.2022) കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് പ്രസ്‌താവനയില്‍ പറയുന്നു. യാത്രക്കാരന്‍റെ വ്യക്തിഗത തിരിച്ചറിയലിന്‍റെയും ബാഗേജുകളിലെ വിശദമായ പരിശോധനയിലുമാണ് ഏഴ് വാച്ചുകള്‍ പിടിച്ചെടുത്തത്. ജേക്കബ് ആന്‍റ് കോയുടെ (മോഡല്‍നമ്പര്‍: ബിഎല്‍115.30എ), പിയാഗെറ്റ് ലൈംലൈറ്റ് സ്‌റ്റെല്ല (സീരിയല്‍ നമ്പര്‍: 1250352 പി 11179), റോളക്‌സ് ഓയ്‌സ്‌റ്റര്‍ പെര്‍പെറ്റ്യുല്‍ ഡേറ്റ് ജസ്‌റ്റ് (സീരിയല്‍ നമ്പര്‍: ഇസഡ്7ജെ 12418), റോളക്‌സ് ഓയ്‌സ്‌റ്റര്‍ പെര്‍പെറ്റ്യുല്‍ ഡേറ്റ് ജസ്‌റ്റ് (സീരിയല്‍ നമ്പര്‍: 0സി46ജി2 17), റോളക്‌സ് ഓയ്‌സ്‌റ്റര്‍ പെര്‍പെറ്റ്യുല്‍ ഡേറ്റ് ജസ്‌റ്റ് (സീരിയല്‍ നമ്പര്‍: ഇസഡ്‌വി655573), റോളക്‌സ് ഓയ്‌സ്‌റ്റര്‍ പെര്‍പെറ്റ്യുല്‍ ഡേറ്റ് ജസ്‌റ്റ് (സീരിയല്‍ നമ്പര്‍: 237ക്യു 5385), റോളക്‌സ് ഓയ്‌സ്‌റ്റര്‍ പെര്‍പെറ്റ്യുല്‍ ഡേറ്റ് ജസ്‌റ്റ് (സീരിയല്‍ നമ്പര്‍: 86 1ആര്‍9269) എന്നീ വാച്ചുകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ഇതില്‍ ജേക്കബ് ആൻഡ് കോയുടെ ഒരു വാച്ചിന് മാത്രം 27.09 കോടി രൂപ വിലവരും. ഈ വാച്ചുകൾക്ക് പുറമെ വജ്രം പതിച്ച ഒരു സ്വർണ ബ്രേസ്‌ലെറ്റും ഐഫോൺ 14 പ്രോ 256 ജിബിയും ഉള്‍പ്പടെ 28.17 കോടി രൂപയുടെ വസ്‌തുവകകള്‍ യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി കസ്‌റ്റംസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഇതേത്തുടര്‍ന്ന് കസ്‌റ്റംസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു. പിടികൂടിയ ഇയാള്‍ക്കും അമ്മാവനും യുഎഇയില്‍ വിവിധയിടങ്ങളില്‍ ശാഖകളുള്ള വിലകൂടിയ വാച്ചുകളുടെ ചില്ലറ വിൽപനശാലയുണ്ടെന്നും ഡൽഹിയിലെ ഒരു ഉന്നത ഉപഭോക്താവിന് ഡെലിവറി ചെയ്യുന്നതിനായി അവ കൊണ്ടുപോകുകയായിരുന്നുവെന്നും കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ഗുജറാത്തിൽ നിന്നുള്ള ഈ ഇടപാടുകാരനുമായി ഇയാള്‍ കൂടിക്കാഴ്‌ച വച്ചിരുന്നു. എന്നാല്‍ ഇടപാടുകാരന്‍ എത്തിയില്ല. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് പ്രതി ഇതുവരെ ഇടപാടുകാരന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല എന്ന് ഡൽഹി കസ്‌റ്റംസ് സോൺ ചീഫ് കമ്മിഷണർ സുർജിത് ഭുജബൽ പറഞ്ഞു.