ഇടുക്കി: അടിമാലിയിൽ വഴിയില്‍ നിന്നു കിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വഴിയിൽ നിന്നു കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് മദ്യം നൽകിയ സുധീഷാണ് അറസ്‌റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സുധീഷ് ഉന്നമിട്ടത് കീരിത്തോട് സ്വദേശി മനുവിനെ കൊല്ലാനായിരുന്നു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് ഇവർക്കിടയിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. അതുമൂലം ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് മനുവിനെ കൊലപ്പെടുത്താൻ സുധീഷ് തീരുമാനിക്കാൻ കാരണമെന്ന് ഇടുക്കി പൊലീസ് മേധാവി വിയു കുര്യാക്കോസ് പറഞ്ഞു.
മനുവിന് മാത്രം വിഷം കലർത്തിയ മദ്യം നൽകി കൊലപ്പെടുത്താനാണ് സുധീഷ് ശ്രമിച്ചത്. അടിമാലിയിൽ നിന്നും വാങ്ങിയ മദ്യത്തിൽ വീട്ടിൽ കരുതിയിരുന്ന ഏലത്തിന് അടിക്കുന്ന രാസവസ്‌തുവാണ് സുധീഷ് കലക്കിയത്. എന്നാൽ മനുവിനെ സുധീഷ് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മനു കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളെയും വിളിച്ചു വരുത്തുകയായിരുന്നു.
ഇതോടെ സുധീഷിന്‍റെ പദ്ധതികൾ പാളി. മരിച്ച കുഞ്ഞുമോന്‍റെ സഹോദരി പുത്രനാണ് സുധീഷ്. കുഞ്ഞുമോൻ മദ്യം കഴിച്ച ഉടനെ സുധീഷ് കുഞ്ഞുമോന് ഉപ്പ് കലക്കിയ വെള്ളം ഉൾപ്പെടെ നൽകിയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിക്കാനും സുധീഷ് നേതൃത്വം നൽകി.
Read more: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍