പാലക്കാട്: പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇരുതലമൂരിയുമായി യുവാവ് പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി ഹബീബ് (35)നെയാണ് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്‌പ്രസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ട്രെയിൻ മാർഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രെയിനിലെ എസ് 5 കോച്ചിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇരുതലമൂലിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.
4.250 കിലോഗ്രാം തൂക്കവും 25 സെന്‍റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂലിക്ക് ഒരു കോടി രൂപയിലേറെ വില കണക്കാക്കുന്നു. ഇന്ത്യയിൽ പിടികൂടിയവയിൽ ഏറ്റവും വലിയ ഇരുതലമൂലിയാണ് ഇതെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു.
ALSO READ: ആറു നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം
പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച ഹബീബിനെ ഓടിച്ചിട്ടാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. വിദേശത്തേക്ക് കടത്താൻ ലക്ഷ്യമിട്ടാണ് ഇരുതലമൂരിയെ കൊണ്ടു വന്നതെന്ന് പ്രതി വെളിപ്പെടുത്തി.
പാലക്കാട് ആർപിഎഫ് കമാൻഡന്‍റ് ജെതിൻ ബി രാജിന്‍റെ നേതൃത്വത്തിൽ സിഐ എൻ കേശവദാസ്, എസ്‌ഐ എ.പി ദീപക്, എഎസ്‌ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾ വി സവിൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.