പാലക്കാട്: മുട്ടികുളങ്ങരയില്‍ കെ എ പി രണ്ട് ബറ്റാലിയന്‍ ക്യാമ്പിന് സമീപം പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എം സുരേഷിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഡീഷണല്‍ ഡിസ്‌ട്രിക് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ചൊവ്വാഴ്‌ച പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഹേമാംബിക നഗർ സിഐ എസി വിപിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ തെളിവെടുപ്പിന് കൊണ്ടു പോകും. പ്രതിയായ സുരേഷിന്‍റെ പറമ്പില്‍ പന്നിയെ പിടിക്കാനായി വൈദ്യുത കെണി നിര്‍മിക്കാനുപയോഗിച്ച കൂടുതല്‍ സാധനങ്ങള്‍ കണ്ടെടുക്കാനുണ്ട്. ഇതിനായാണ് കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത്.
നരഹത്യ കുറ്റം ചുമത്തിയ സുരേഷ് ഷോക്കേറ്റ് വീണ ഹവില്‍ദാര്‍മാരെ ഒറ്റയ്ക്കാണ് അഞ്ഞൂറ് മീറ്റര്‍ ദൂരം അകലെ കൊണ്ടിട്ടതെന്ന മൊഴിയില്‍ പൊലീസ് തൃപ്‌തരല്ല. മൊഴിയുടെ അടിസ്ഥാനത്തിലും വിശദമായ അന്വേഷണം നടക്കും. മെയ് 18 നാണ് ഹവില്‍ദാര്‍മാരായ എലവഞ്ചേരി അശോകന്‍, തരൂര്‍ അത്തിപ്പെറ്റ മോഹന്‍ദാസ് എന്നിവരെ പൊലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്ക് ഷോക്കേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലും ഷോക്കറ്റതാണ് മരണത്തിന് കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുട്ടികുളങ്ങര സ്വദേശിയായ സുരേഷ് കാട്ടുപന്നിയെ പിടിക്കാന്‍ തന്‍റെ സ്ഥലത്ത് സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്ന് ഇരുവര്‍ക്കും ഷോക്കേറ്റതെന്ന് വ്യക്തമായത്.
തുടര്‍ന്ന് നരഹത്യ കേസ് ചുമത്തി സുരേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
also read: പാലക്കാട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം