പത്തനംതിട്ട: വാടകയ്ക്ക് എടുത്ത കാര്‍ പണയപ്പെടുത്തി റിസോട്ടില്‍ ആഡംബര ജീവിതം. മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മുത്തൂര്‍ കഷായത്ത് വീട്ടില്‍ കെ.ജി. ഗോപു(27), ഇടുക്കിത്തറ തുണ്ടിയില്‍ അനീഷ് കുമാര്‍ (26), തഴക്കര കാര്‍ത്തികയില്‍ സുജിത് (32) എന്നിവരാണ് അറസ്റ്റിലായത്.
പുറമറ്റം വരിക്കാലപ്പള്ളിയില്‍ വീട്ടില്‍ അഖില്‍ അജികുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മാര്‍ച്ച് നാലിനാണ് കോയമ്പത്തൂരിലേക്ക് പോവാനാണെന്നും പറഞ്ഞ് ഗോപു കാര്‍ വാടകക്ക് എടുത്തത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും കാര്‍ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഖില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതോടെയാണ് ഗോപു എറണാകുളത്ത് ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ചെറായി ബീച്ചിലെ റിസോട്ടില്‍ നടത്തിയ പരിശോധനയിലാണ് ഗോപു, അനീഷ്കുമാര്‍ എന്നിവര്‍ പിടിയിലായത്. സംഭവത്തില്‍ വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ കൂട്ടുക്കാരന്‍ സുജിത്തിന് നല്‍കിയ വിവരം ലഭിച്ചത്. തുടര്‍ന്ന് സുജിത്തിനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊല്ലം സ്വദേശിയായ ഹര്‍ഷാദ് എന്നയാള്‍ കാര്‍ പണയത്തിനെടുത്ത കാര്യം അറിയുന്നത്. പണയ തുക മൂവരും പങ്കിട്ടെടുത്തെന്നും പ്രതികള്‍ പറഞ്ഞു.
സ്ഥിരമായി കാര്‍ വാടകക്കെടുത്ത് വില്‍പന നടത്തുകയും പണയപ്പെടുത്തുകയും ചെയ്യുന്ന സംഘമാണ് പ്രതികള്‍ എന്നാണ് ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ കോയിപ്രം എസ്‌ഐ അനൂപ്, എഎസ് ഐ ഷിറാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് ബാബു, സിപിഒമാരായ സുജിത് പ്രസാദ്, സുശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
also read: കോഴിക്കോട് ഹണിട്രാപ്പ് തട്ടിപ്പ്; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍