ഇടുക്കി: ഡ്രൈഡേയിൽ മദ്യം സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തുകയായിരുന്ന തോക്കുപാറ കരയിൽ തോപ്പിൽ ബസേലിയോസിൻ്റെ മകൻ അജി (38) എന്നയാളെ അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. മുൻപും അബ്‌കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അജി. തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും നാളുകളായി മദ്യവിൽപ്പന നടത്തുന്ന അജിയുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗ്ലാസിൽ മൂന്ന് അടയാളമിട്ട് ഒരു വരയ്‌ക്ക് നൂറ് രൂപ നിരക്കിൽ വീടിനു സമീപം പൊതു വഴിയിലായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്. രാത്രി കാലങ്ങളിലും ആളുകൾ വന്നു പോകുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതർ മദ്യവിൽപ്പന പിടികൂടിയത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.