കണ്ണൂര്‍: തളിപ്പറമ്പിൽ വർക്ക് ഷോപ്പിന്‍റെ മറവിൽ ചാരായം വില്‍പ്പന നടത്തിയ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. പടപ്പേങ്ങാട് അമ്മംകുളം സ്വദേശി മുകുന്ദനെയാണ് 20 ലിറ്റർ ചാരായവുമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസർ എം.ദിലീപിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
എക്‌സൈസ് റേഞ്ച് ഇന്‍റലിജിൻസ് ബ്യൂറോയുടെ നിർദേശപ്രകാരം നടത്തിയ റെയ്‌ഡിലാണ് ചാരായം കണ്ടെടുത്തത്. ഇയാളുടെ വീടിന്‍റെ പരിസരത്ത് നിന്നാണ് ചാരായം പിടിച്ചെടുത്തത്. ആലക്കോട് ഭാഗത്ത് നിന്നുമാണ് ആവശ്യമായ ചാരായം ഇയാൾക്ക് എത്തിച്ച് നൽകുന്നത്. മദ്യഷാപ്പുകൾ അടഞ്ഞ് കിടക്കുന്നതിനാൽ ആവശ്യക്കാർക്ക് വർക്ക് ഷോപ്പിന്‍റെ മറവിലാണ് ചാരായം വില്‍പ്പന നടത്തി വന്നിരുന്നത്.
വിതരണത്തിനായി കുപ്പികളിൽ സൂക്ഷിച്ചതും കന്നാസുകളിൽ നിറച്ചുവെച്ചതുമായ രീതിയിലായിരുന്നു ചാരായം. നിരവധി തവണ ഇയാളെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് റെയ്‌ഡ് നടത്തിയത്. തളിപ്പറമ്പിന്‍റെ മലയോര മേഖലയിൽ വ്യാപകമായി ചാരായം വാറ്റ് നടക്കുന്നതായി എക്‌സൈസിന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
Also read: അരീക്കോട്ട് 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രിവെന്‍റീവ് ഓഫീസർ പി.വി കമലാക്ഷൻ, ഗ്രേഡ് പ്രിവെന്‍റീവ് ഓഫീസർ പി.കെ രാജീവൻ, പി.പി മനോഹരൻ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ ഇ.എച്ച്, അനിൽകുമാർ പി.വി തുടങ്ങിയവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.