കോഴിക്കോട് : പൊലീസ് അന്വേഷിച്ചെത്തിയതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ ചെറുവണ്ണൂർ സ്വദേശി ജിഷ്‌ണുവിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ചിന് സമർപ്പിച്ചു. ഉയരത്തിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ കയറിയ നിലയിലായിരുന്നു. കല്ലിൽ ഇടിച്ച് തലയ്ക്ക് പരിക്കേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
ഏപ്രിൽ 26ന് രാത്രി ഒന്‍പത് മണിയോടെയാണ് കല്‍പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പോക്സോ കേസുമായി ബന്ധപ്പെട്ട് ജിഷ്‌ണുവിനെ അന്വേഷിച്ച് നല്ലളം പൊലീസ് ചെറുവണ്ണൂരിലെ വീട്ടിലെത്തിയത്. പിന്നീടാണ് ജിഷ്‌ണുവിനെ വീടിന് സമീപം വീണുകിടക്കുന്നതായി കണ്ടത്.
വീടിന് സമീപത്തെ ഗോഡൗണിൻ്റെ മതിലിനും റെയിൽപ്പാതയ്ക്കും ഇടയിലുള്ള വഴിയിലാണ് ജിഷ്‌ണു വീണുകിടന്നത്. പിന്നാലെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്ഥലത്ത് മെഡിക്കൽ ഫോറൻസിക് സംഘവും പൊലീസും പരിശോധന നടത്തിയിരുന്നു.
ALSO READ: പോക്സോ കേസിലെ പ്രതിയുടെ മരണം: അന്വേഷണ സംഘത്തിനെതിരെ കുടുംബം
പൊലീസ് ഫോണിൽ വിളിച്ച പ്രകാരം വീടിൻ്റെ തൊട്ടടുത്ത് എത്തിയ ജിഷ്‌ണു പൊലീസുകാരെ കണ്ടയുടൻ തിരിഞ്ഞ് ഓടുമ്പോൾ അപകടം പറ്റി എന്നാണ് നല്ലളം പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ കുടുംബവും നാട്ടുകാരും തയ്യാറായിട്ടില്ല. അതിന് പിന്നാലെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സമർപ്പിച്ചത്.