കോഴിക്കോട്: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴുത്തിന് ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ അസം സ്വദേശികളും ഡുലു രാജിന്‍റെ സുഹൃത്തുക്കളുമായ മനരഞ്ഞൻ (22), ലക്ഷി എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് മൂന്ന് പേരും ചേര്‍ന്ന് മായൻ കടപ്പുറത്ത് വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ (04.10.2022) രാത്രി 12 മണിയോടെ കൊയിലാണ്ടി ഹാര്‍ബറിന് സമീപം മായന്‍ കടപ്പുറത്താണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം നടക്കുന്നത്. കടപ്പുറത്ത് പാറക്കെട്ടിന് സമീപം ഇന്നലെ വൈകിട്ടോടെ മൂവരും ചേര്‍ന്ന് മദ്യപിച്ച് ബഹളം വച്ചിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് ഒരാള്‍ കമഴ്ന്ന് കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഇയാളുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയതായും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പൊലീസ് സംഭവ സ്ഥലത്തെത്തുന്നതിനിടെ കടല്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കൊലപാതകികളില്‍ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്, മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഡുലു രാജിന്‍റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലപ്പെടുത്തിയതെന്ന് മനസിലായത്. മാത്രമല്ല കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമന്‍ രക്ഷപ്പെട്ടതായും തെളിഞ്ഞു. ഇതെത്തുടര്‍ന്ന് രാത്രി തന്നെ പ്രദേശമാകെ പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയ്ക്കിടെ കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ വച്ച് രണ്ടാമത്തെയാളെയും പൊലീസ് രാത്രി തന്നെ പിടികൂടി. കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഡുലു രാജ്.