തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കഴിഞ്ഞ ദിവസം പ്രതികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 മാർച്ച് 14 ന് കോവളത്ത് നിന്ന് വിദേശ യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതികൾക്കെതിരെ കൊലക്കുറ്റം, ബലാത്സംഗം തുടങ്ങി ജീവപര്യന്തം, ഇരട്ട ജീവപര്യന്തം എന്നിങ്ങനെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് തെളിഞ്ഞത്. കൊലപാതക രീതി അപൂർവങ്ങളിൽ അപൂർവമായി കോടതി വിലയിരുത്തിയാല്‍ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
2018 ലാണ് ലാത്വിയൻ സ്വദേശിനിയായ ലിഗ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സയ്ക്ക് എത്തുന്നത്. ചികിത്സ സ്ഥലത്തുനിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്‌റ്റ് ഗൈഡുമാരെന്ന വ്യാജേന പ്രതികൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ ലിഗയെ കുറ്റിക്കാട്ടിൽ എത്തിച്ചു.
തുടർന്ന് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽ കാട്ടിൽ ഉണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയത്.