കൊല്ലം : പുനലൂരില്‍ ലഹരി മരുന്നുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പുനലൂര്‍, കല്ലുമല സ്വദേശികളായ അലന്‍ ജോര്‍ജ്, വിജയ് എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്. ക്രിസ്‌മസ്-ന്യൂയര്‍ പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനും കച്ചവടം നടത്തുന്നതിനുമായി കരുതിയ 82 നൈട്രോസെപ്പാം ഗുളികകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. എന്‍ഡിപിഎസ് ആക്‌ട് പ്രകാരം നൈട്രോസെപ്പാം ഗുളികകളുടെ ഉപയോഗം വിലക്കിയതാണ്.
ആറ് മാസം മുന്‍പ് ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റ് വഴി നാല് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ അലന്‍. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പുനലൂര്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ യുവാക്കള്‍. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Also Read: നെയ്യാറ്റിന്‍കരയില്‍ പൂട്ടിയിട്ട വീട്ടിൽ നിന്ന് കണ്ടെത്തിയത് 30 കിലോ കഞ്ചാവ്
അതേസമയം പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ ഉറവിടത്തെക്കുറിച്ചും ഇവരുടെ ഫോണുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൊല്ലം അസിസ്റ്റന്‍റ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു.