എറണാകുളം: കൊച്ചിയിൽ മോഡലിനെ വാഹനത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. പീഡനം നടന്ന ഥാർ വാഹനം സഞ്ചരിച്ച നഗരത്തിലെ വഴികൾ, പീഡനത്തിന് ശേഷം മോഡലിനെ ഇറക്കി വിട്ട കാക്കനാട്ടെ ഹോസ്റ്റൽ പരിസരം ഉൾപ്പടെയുള്ള സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. പ്രതികളായ രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, ടി.ആർ സുധീപ്, നിധിൻ മേഘനാഥൻ എന്നിവരെ രവിപുരത്തെ ഫ്ലൈ ഹൈ ബാറിലും സമീപത്തെ ഹോട്ടലിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പിൽ ബാറിലെ ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രതികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ലഭിച്ചതായാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. നാലാം പ്രതി ഡിംപിളിൽ നിന്നും പിടിച്ചെടുത്ത ഫോൺ പരിശോധിച്ചതോടെ പ്രതികൾ ഡി ജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് മുമ്പ് നിരവധി തവണ പരസ്‌പരം ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ സ്ത്രീ പങ്കാളികളെ എത്തിക്കാമെന്ന് ഡിംപിൾ മറ്റു പ്രതികളെ അറിയിച്ചതായാണ് സൂചന. മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. രാജസ്ഥാനിൽ നിന്നും മോഡലിങ്ങിനായി കൊച്ചിയിലെത്തിയ പ്രതി ഡിംപിളിനെ കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
പിടിയിലായ നാല് പ്രതികൾക്കും കൂട്ട ബലാത്സംഗം, മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കഴിഞ്ഞ വ്യാഴാഴ്‌ച അർധരാത്രിയാണ് കാസർകോട് സ്വദേശിയായ കൊച്ചിയിൽ താമസമാക്കിയ മോഡലായ യുവതി കൊച്ചിയിൽ വാഹനത്തിൽ വച്ച് പീഡനത്തിനിരയായത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ പ്രതികൾ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള ഡിംപിൾ എന്ന യുവതിയുടെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡി ജെ പാർട്ടിക്കെത്തിയത്. ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
യുവതിയുമായി വാഹനത്തിൽ കറങ്ങിയ മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. തുടർന്ന് യുവതിയെ വീണ്ടും ബാറിലെത്തിച്ച് പ്രതിയായ യുവതിയേയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പീഡനത്തിനിരയായ യുവതി കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സൗത്ത് പൊലീസ് പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.