എറണാകുളം: കൊച്ചിയിൽ മോഡലിനെ വാഹനത്തിൽ വച്ച് ബലാത്സംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട ഹോട്ടലിനെതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ്. ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. മോഡൽ പീഡനത്തിനിരയായ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.
മദ്യത്തിൽ ലഹരി വസ്‌തുക്കൾ ചേർത്തിരുന്നതായി സംശയിക്കുന്നതായുളള പരാതിയിൽ ശാസ്ത്രീമായ അന്വേഷണ നടക്കുന്നുണ്ട്. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. പ്രതികളിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്.
ആയുധങ്ങൾ പിടികൂടിയ സംഭവത്തിൽ പ്രതിയാണ് ഇയാൾ. പരാതിക്കാരിയെ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.
അതേസമയം, പ്രതികളെ ഒരാഴ്‌ചത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കസ്റ്റഡി അപേക്ഷ ചൊവാഴ്‌ച ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്‌ച (നവംബർ 17) അർധരാത്രിയായിരുന്നു കാസർകോട് സ്വദേശിയായ കൊച്ചിയിൽ താമസമാക്കിയ യുവതി കൊച്ചിയിൽ വാഹനത്തിൽ വെച്ച് പീഡനത്തിനിരയായത്.
ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് തുടങ്ങിയ മൂന്ന് യുവാക്കൾ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള ഡിംപിൾ എന്ന യുവതിയുടെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡിജെ പാർട്ടിക്കെത്തിയത്.
ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. യുവതിയുമായി വാഹനത്തിൽ കറങ്ങിയ മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി.
തുടർന്ന് യുവതിയെ വീണ്ടും ബാറിലെത്തിച്ച് പ്രതിയായ യുവതിയേയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പീഡനത്തിനിരയായ യുവതി വെള്ളിയാഴ്‌ച (നവംബർ 18) പുലർച്ചെ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികളായ മൂന്ന് യുവാക്കളെയും യുവതിയേയും മണിക്കൂറുകൾക്കകം തന്നെ സൗത്ത് പൊലീസ് പിടികൂടി. രണ്ട് പേരെ കൊടുങ്ങല്ലൂരിൽ വച്ചും, രണ്ട് പേരെ കൊച്ചിയിൽ വച്ചുമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിലവിൽ റിമാൻഡിലാണ്.