എറണാകുളം: കൊച്ചിയിൽ മോഡലിനെ വാഹനത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയിലുള്ള പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിക്കും. രവിപുരത്തെ ഫ്ലൈ ഹൈ ബാർ, ഹോട്ടലിലെ പാർക്കിങ് ഏരിയ, ഭക്ഷണം കഴിച്ച ഹോട്ടൽ, പീഡനത്തിനിരയാക്കിയ ഥാർ വാഹനം സഞ്ചരിച്ച നഗരത്തിലെ വഴികൾ, പീഡനത്തിന് ശേഷം മോഡലിനെ ഇറക്കി വിട്ട കാക്കനാട്ടെ ഹോസ്റ്റൽ പരിസരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതികളായ രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, ടി ആർ സുധീപ്, നിധിൻ മേഘനാഥൻ എന്നിവരെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞിരുന്നു.
പ്രതികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ സ്ത്രീ പങ്കാളികളെ എത്തിക്കാമെന്ന് ഡിംപിൾ മറ്റ് പ്രതികളെ അറിയിച്ചതായാണ് സൂചന. മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായാണ് പൊലീസ് സംശയിക്കുന്നത്.
പിടിയിലായ നാല് പ്രതികൾക്കും കൂട്ടബലാത്സംഗം, മനുഷ്യക്കടത്ത് , ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കഴിഞ്ഞ 17-ാം തിയതി അർധരാത്രിയായിരുന്നു കൊച്ചിയിൽ താമസമാക്കിയ കാസർകോട് സ്വദേശിയായ യുവതി വാഹനത്തിൽ വച്ച് പീഡനത്തിനിരയായത്. രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള ഡിംപിൾ എന്ന യുവതിയുടെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡിജെ പാർട്ടിക്കെത്തിയത്.
ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ പ്രതികൾ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.