കാസർകോട് : "ചേച്ചീ, ചേച്ചീ എന്ന വിളികേട്ടാണ് ഞാൻ ജനൽ തുറന്നു നോക്കിയത്. ഈ സമയം നല്ല മഴയായിരുന്നു. പുറത്തുകണ്ട ചെറുപ്പക്കാരനോട് എന്താ മോനേ എന്ന് ചോദിച്ചപ്പോൾ വീടിന്‍റെ വൈദ്യുതി മീറ്ററിന് തീപ്പിടിച്ചെന്നും ബക്കറ്റ് തന്നാൽ ഞാൻ കെടുത്താമെന്നും പറഞ്ഞു. ഇത് കേട്ട ഉടനെ ബക്കറ്റുമായി വാതിൽ തുറന്ന എന്നെ ആ ചെറുപ്പക്കാരനായ മോഷ്‌ടാവ് അടിച്ചു വീഴ്ത്തുകയായിരുന്നു..." പറഞ്ഞവസാനിപ്പിച്ചപ്പോഴും ലീലാവതിയുടെ മുഖത്ത് ആ രാത്രിയിലെ ഞെട്ടലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പടന്നക്കാട് പെട്രോൾ പമ്പിനുസമീപം രാജന്‍റെ ഭാര്യ ലീലാവതിയെ ആക്രമിച്ച് അജ്ഞാതൻ പണം കവർന്നത്. അന്ന് വീട്ടിൽ ലീലാവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഴയായിരുന്നതിനാല്‍ ഇടയ്ക്ക് വൈദ്യുതി പോയിരുന്നു. രാത്രി 9.15 ഓടെ വീടിന് പുറത്തുനിന്നും ആരോ വിളിക്കുന്നത് കേട്ട് ലീലാവതി വാതില്‍ തുറന്നു. ഷർട്ട് ഇൻ ചെയ്‌ത് 28 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനായിരുന്നു പുറത്ത്. വൈദ്യുതി മീറ്ററിന് തീപിടിച്ചെന്നും ബക്കറ്റ് എടുത്തുതന്നാല്‍ തീ അണക്കാൻ സഹായിക്കാമെന്നും അയാള്‍ പറഞ്ഞു. മറ്റൊന്നും ചിന്തിക്കാതെ ബക്കറ്റുമായി പുറത്തെത്തുകയായിരുന്നുവെന്ന് ലീലാവതി പറയുന്നു.
അപ്പോൾ തന്നെ കസേര കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. അൽപ സമയത്തേക്ക് ബോധം നഷ്‌ടപ്പെട്ടു. ഉണർന്നപ്പോഴും മോഷ്‌ടാവ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. കൊല്ലരുതേ എന്ന് ലീലാവതി അപേക്ഷിച്ചപ്പോൾ കൊല്ലില്ലെന്നും പണവും സ്വർണവും തന്നാൽ വിടുമെന്നും മോഷ്‌ടാവ് പറഞ്ഞു. ഒച്ച വയ്ക്കാൻ ശ്രമിച്ചപ്പോൾ വായ മൂടി പിടിച്ചു. കയ്യിൽ സ്വർണം ഇല്ലെന്ന് പറഞ്ഞപ്പോൾ അലമാരയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി തുറക്കാൻ ആവശ്യപ്പെട്ടു.
ആകെ ഉണ്ടായിരുന്ന 5150 രൂപ കൈക്കലാക്കി വീട് പുറത്ത് നിന്നും പൂട്ടിയാണ് മോഷ്‌ടാവ് സ്ഥലം വിട്ടത്. വിവരമറിഞ്ഞെത്തിയ മകളുടെ ഭർത്താവ് ചോരയിൽ കുളിച്ചുനിൽക്കുന്ന ലീലാവതിയെ ആണ് കണ്ടത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചു. അടിയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.