ചിത്രദുർഗ (കർണാടക): പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ ശ്രീ മുരുഗ മഠാധിപതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ശിവമൂര്‍ത്തി മുരുക ശരണരുവിനെയാണ് മൈസൂരു പൊലീസ് പോക്‌സോ പ്രകാരം കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ വിട്ടത്.
മഠത്തിലെ അന്തേവാസികളായ രണ്ട് വിദ്യാർഥിനികളെ മഠാധിപതി പീഡിപ്പിച്ചെന്നാണ് കേസ്. മഠാധിപതി അടക്കം അഞ്ച് പേരാണ് കേസിൽ അറസ്‌റ്റിലായത്. ഹോസ്‌റ്റൽ മേധാവി, പുരോഹിതൻ, മഠത്തിലെ ജീവനക്കാരിയായ സ്‌ത്രീ, അഭിഭാഷകനായ ഗംഗാധരയ്യ എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവർ. മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ഓടനാടി സേവാ സംസ്‌തേയാണ് മഠാത്തിൽ നടന്ന പീഠനത്തിനെതിരെ പരാതി നൽകിയത്.
മൈസൂരില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ഓടനാടി സേവാ സംസ്ഥേ. പെൺകുട്ടികൾ ഇവിടെ അഭയം തേടിയപ്പോഴാണ് മഠത്തിൽ നേരിട്ട പീഡന വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പെൺകുട്ടികൾ മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കി.
ഹോസ്‌റ്റല്‍ വാര്‍ഡന്‍റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയാണ് മുരുക ശരണരുവ പീഡിപ്പിച്ചതെന്നാണ് കുട്ടികളുടെ മൊഴി. എന്നാല്‍ തനിക്കെതിരായ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നുമായിരുന്നു മഠാധിപതി പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. കർണാടകയിലെ ഏറെ രാഷ്‌ട്രീയ സ്വാധീനമുള്ള മഠമാണ് ശിവമൂർത്തിയുടേത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ രാഷ്‌ട്രീയ നേതാക്കളെല്ലാം ഇവിടെയെത്താറുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിൽ രാഷ്‌ട്രീയ പാർട്ടികൾ പുലർത്തുന്ന മൗനവും ശ്രദ്ധേയമാണ്. അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഠത്തിലെത്തി ശിവമൂർത്തിയെ സന്ദർശിച്ചിരുന്നു.