ഹുബള്ളി (കര്‍ണാടക): നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി റിട്ടയേഡ് പ്രൊഫസറില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടകയിലെ ഹുബള്ളി ധാര്‍വാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. വാട്‌സ്‌ആപ്പ് വഴി പരിചയപ്പെട്ട അഞ്ജലി ശര്‍മ എന്ന യുവതിയും സൈബര്‍ പൊലീസിലെ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുമാണ് പണം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.
വാട്‌സ്‌ആപ്പിലൂടെ പരിചയപ്പെട്ട അഞ്ജലി ശര്‍മയുമായി അടുപ്പത്തിലായ പ്രൊഫസര്‍ ഇവരെ പതിവായി വീഡിയോ കോള്‍ ചെയ്യാന്‍ ആരംഭിച്ചു. വാട്‌സ്‌ആപ്പ് വഴി പരസ്‌പരം വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ പ്രൊഫസറുടെ നഗ്ന വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അയച്ച് മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി.
ഇതിന് പിന്നാലെ സൈബർ പൊലീസിലെ ഉദ്യോഗസ്ഥനായ വിക്രം എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ പ്രൊഫസറെ ഫോണില്‍ ബന്ധപ്പെട്ടു. അഞ്ജലി ഭീഷണിപ്പെടുത്തിയ വിവരം തനിക്കറിയാമെന്നും സൈബര്‍ വിഭാഗത്തിലായത് കൊണ്ട് നഗ്ന ദൃശ്യം ഡിലീറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും ഇയാള്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയും ഇയാള്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പ്രഫസര്‍ അഞ്ച് ലക്ഷം രൂപ നല്‍കി.
തന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രൊഫസര്‍ ഇയാള്‍ക്ക് കൈമാറിയിരുന്നു. പിന്നീട് പല തവണയായി ഈ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കി ഇയാള്‍ പ്രൊഫസറില്‍ നിന്ന് പണം കവരുകയായിരുന്നു. 21 ലക്ഷം രൂപ നഷ്‌ടപ്പെട്ടതിന് ശേഷമാണ് പ്രൊഫസര്‍ സൈബർ പൊലീനെ സമീപിച്ചത്. സംഭവത്തില്‍ ഹുബള്ളി സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 19കാരൻ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി