കൊല്ലം: കുപ്രസിദ്ധ ഗുണ്ട ലാറ ഷിജുവിനെ കടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് അറസ്റ്റ്. പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളിൽപെട്ട് ജയിലിലായിരുന്ന ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നെങ്കിലും നിലവില്‍ ഇയാള്‍ ജയിലിന് പുറത്തായിരുന്നു.
കഴിഞ്ഞ ദിവസം ഷിജുവും കൂട്ടാളിയായ ജ്യോതിലാലും ചേര്‍ന്ന് മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ചിരുന്നു. തട്ടിപ്പ് മനസിലാക്കിയ വ്യാപാരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ജ്യോതിലാലിനെ അറസ്റ്റ് ചെയ്തെങ്കിലും ഷിജു ഓടി രക്ഷപെട്ടു.
Also Read: വിവാഹ ദിനത്തില്‍ വധു ആത്മഹത്യ ചെയ്തു; പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ കടക്കലില്‍ എത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. ഇതോടെ മഫ്ത്തിയില്‍ എത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.