കൊല്ലം: പൊലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതുമായി കൊല്ലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. മൂന്ന് കേസുകളിലാണ് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ ആഴ്ചയാണ് ജയിൽ ചാടിയ വിനീത് കൊല്ലത്ത് പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിൽ ഒന്നരമാസം മുൻപ് ആണ്ടാമുക്കത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും വിനീത് വെളിപ്പെടുത്തി.കോടതിയിൽ ഹാജരാക്കുന്ന വിനീതിനെ ഈ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. ജില്ലയിൽ മാത്രം വിനീതിന്‍റെ പേരിൽ 15 ഓളം മോഷണ കേസുകളുണ്ട്. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്‍റെ തലവനാണ് വിനീത്.