മലപ്പുറം: അനധികൃതമായി വീട്ടിൽ ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിവന്ന വാഴക്കാട് സ്വദേശി പൊലീസ് പിടിയില്‍. വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങൽ ഷാഫി (34) ആണ് പിടിയിലായത്. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ഗ്യാസ് ഏജൻസികളുടെ ഏജന്‍റുമാർ മുഖേനയും വിവിധ വീടുകളിൽ നിന്നും പണം കൊടുത്തും സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിലേക്ക് റീഫിൽ ചെയ്‌ത് കൂടിയ വിലക്ക് വില്‌പന ചെയ്‌തു വരികയായിരുന്നു.
മൂന്നു വർഷമായി യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ മദ്രസയുടെ സമീപത്താണ് ഗ്യാസ് ഫില്ലിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 150 ഓളം ഗ്യാസ് സിലിണ്ടറുകൾ, നാല് കംപ്രസിങ് മെഷീനുകൾ, അഞ്ചോളം ത്രാസുകൾ, നിരവധി വ്യാജ സീലുകൾ, സിലിണ്ടർ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി ദുരുപയോഗം ചെയ്‌താണ് ഇയാൾ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കെഎസ്ഇബി വിജിലൻസ് യൂണിറ്റിനും പരാതി നല്‍കിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫ്, അരീക്കോട് ഇൻസ്‌പെക്‌ടർ അബാസലി, എസ് ഐ വിജയരാജൻ, എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയൻ, സബീഷ്, സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.