ഹൈദരാബാദ്: നാല് വയസുകാരിക്ക് നേരെ പ്രധാനാധ്യാപകന്‍റെ ഡ്രൈവറുടെ ലൈംഗികാതിക്രമം. ഹൈദരാബാദ് ബന്‍ജാര ഹില്‍സിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവറാണ് നാല് വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ 36കാരനായ ഇയാള്‍ക്കെതിരെ പീഡനം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വച്ചായിരുന്നു കുട്ടിക്ക് നേരെയുള്ള അതിക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി നേരിട്ട പീഡനാനുഭവം അമ്മയോട് അറിയിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സ്‌കൂളിലേക്ക് കൊണ്ടുപോകാനെത്തിയപ്പോള്‍ കുട്ടി ഇയാളെ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ബന്‍ജാര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതും ഇയാള്‍ അറസ്‌റ്റിലാകുന്നതും.
സംഭവത്തെക്കുറിച്ച് പരാതിപ്പെടുന്നത് പെണ്‍കുട്ടിയുടെ അമ്മയാണ്. സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (17.10.2022) പ്രിന്‍സിപ്പാളിന്‍റെ മുറിയുടെ എതിര്‍വശത്തുള്ള ഡിജിറ്റല്‍ ലാബില്‍ വച്ചാണെന്നും മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടുപോയതെന്നുമാണ് പരാതിയില്‍ പറയുന്നതെന്നും ബന്‍ജാര ഹില്‍സ് അസിസ്‌റ്റന്‍റ് പൊലീസ് കമ്മിഷണര്‍ സുദര്‍ശന്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രമായ ഭറോസ സെന്‍ററിലേക്ക് മാറ്റിയെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെയും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി ക്ലാസ്മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും എസിപി വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ വിദ്യര്‍ഥികളുടെ ഇടയില്‍ നിന്നും മാതാപിതാക്കളുടെ ഇടയില്‍ നിന്നും ശക്തമായ പ്രതിഷേധം പുകയുന്നുണ്ട്. പ്രതിഷേധത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിടുന്നതായി മാനേജ്മെന്‍റ് അധികൃതരും അറിയിച്ചു. സംഭവം ഗൗരവമായി പരിഗണിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിട്ടുമുണ്ട്.