പത്തനംതിട്ട: യുവതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് കണക്കാക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്‌ണയാണ് (40) അറസ്റ്റിലായത്. ജൂലൈ 30നാണ് അജീഷിന്‍റെ ഭാര്യ വിനീത (34) തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുന്‍പ് വിനീത കൂട്ടുകാരിക്ക് അയച്ച ആത്മഹത്യ കുറിപ്പും ശബ്‌ദ രേഖയുമാണ് ഭര്‍ത്താവിന്‍റെ അറസ്റ്റിലേക്ക് വഴിമാറിയത്.
കൂടല്‍ ഇന്‍സ്‌പെക്‌ടര്‍ പുഷ്‌പകുമാറാണ് അജീഷിനെ അറസ്റ്റ് ചെയതത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് വിനീതയുടെ കൂട്ടുകാരിയുടെ മൊഴിയെടുത്തു. അജീഷ് കഞ്ചാവ് കച്ചവടമടക്കമുള്ള കേസുകളില്‍ പ്രതിയാണ്. ലഹരി ഉപയോഗവും ചൂതാട്ടവും പതിവുണ്ടായിരുന്നുവെന്നും വിനീത കൂട്ടുകാരിയോട് പറഞ്ഞിരുന്നു.
അതുകൂടാതെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും മറ്റൊരു സ്‌ത്രീയുമായുള്ള ബന്ധത്തിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് വിനീത കൂട്ടുകാരിക്ക് വാട്‌സ് ആപ്പില്‍ മെസേജ് അയച്ചു. അതിനൊപ്പം ആത്മഹത്യക്കുറിപ്പിന്‍റെ ഫോട്ടോയും ഭര്‍ത്താവിന്‍റെ അമ്മയുടെയും പെങ്ങളുടെയും മൊബൈല്‍ നമ്പറുകളും നല്‍കിയിരുന്നു.
വിനീത മെസേജ് അയച്ച് ഏറെ വൈകിയാണ് കൂട്ടുകാരി കണ്ടത്. ഉടന്‍ തന്നെ അതില്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. വിവരമറിഞ്ഞ് വീട്ടുകാര്‍ മുറിയിലെത്തുമ്പോള്‍ വിനീതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് വിനീത എഴുതിയ ആത്മഹത്യ കുറിപ്പ് ഭര്‍ത്താവിന് ലഭിച്ചെങ്കിലും അതെടുത്ത് മാറ്റിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ആത്മഹത്യയാണെന്നാണ് പൊലീസ് കണക്കാക്കിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.