കോട്ടയം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുറിച്ചി മലകുന്നം സ്വദേശി ഹരിമോൻ കെ മാധവനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.
ഭാര്യയെ സംശയത്തിന്‍റെ പേരില്‍ മാധവൻ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൈവശം സൂക്ഷിച്ചിരുന്ന കമ്പി കൊണ്ട് കുത്തുകയും, പട്ടിക കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്‌തു. സംഭവത്തിനു ശേഷം മാധവൻ ഒളിവിൽ പോവുകയും തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലപ്പുഴയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ ജിജു ടി.ആർ, സി.പി.ഒമാരായ സതീഷ് എസ്, സലമോൻ, മണികണ്‌ഠൻ, ലൂയിസ് പോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.