ഇടുക്കി: ഓണക്കാലത്ത് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കടത്ത് തടയാൻ അതിർത്തികളിൽ പരിശോധന ശക്തം. ഇതിനായി ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്തുന്നതിനൊപ്പം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇടുക്കി എസ്‌പി വിയു കുര്യാക്കോസ് പറഞ്ഞു.
ഓണക്കാലം ലക്ഷ്യം വച്ച് തമിഴ്‌നാട്ടിൽ നിന്നും വന്‍തോതില്‍ ഇടുക്കിയിലേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ തേനിയിൽ എത്തിച്ചതിന് ശേഷം ഇടുക്കിയിലേക്കും ഇവിടെ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും ലഹരി എത്തിക്കുന്ന സംഘങ്ങള്‍ പ്രവർത്തിക്കുന്നതായാണ് വിവരം .
അടുത്ത നാളുകളില്‍ പിടികൂടിയിട്ടുള്ള കേസുകള്‍ ഇതിന് ഉദാഹരണമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ ലക്ഷ്യം വച്ചുള്ള ലഹരി കടത്ത് തടയുന്നതിനും മാഫിയ സംഘങ്ങളെ പിടികൂടുന്നതിനുമായാണ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയതെന്ന് ഇടുക്കി എസ്‌പി വിയു കുര്യാക്കോസ് പറഞ്ഞു.
അതിര്‍ത്തി മേഖലകളില്‍ സംയുക്ത പരിശോധന ശക്തമാക്കും. അതിർത്തിയിലും വനമേഖലയിലും പരിശോധന ശക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള കാട്ടുപാതകളിലൂടെയാണ് പ്രധാനമായും ലഹരികടത്ത് നടക്കുന്നത്.
വനമേഖലയിലും പരിശോധന ശക്തമാക്കുന്നതോടെ ലഹരി കടത്തിന് തടയിടാനാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇടുക്കിയിലേക്ക് എത്തുന്ന ലഹരിയുടെ ഉറവിടവും മാഫിയ കണ്ണികളെയും സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും.
നാലു കിലോ കഞ്ചാവുമായി തിരൂർ റെയിൽവേ സ്‌റ്റേഷനിൽ യുവാവ് പിടിയിൽ
മലപ്പുറം: മലപ്പുറം തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂർ വെള്ളാട് തെമ്മാം കുഴിയിൽ ജോഷി പ്രകാശിനെയാണ് പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും തിരൂർ എക്‌സൈസ് സർക്കിൾ ഓഫിസ് റെയിൽവേ പ്രൊട്ടക്ഷൻ എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ലഹരിക്കടത്ത് തടയാൻ ജില്ലയിൽ പരിശോധന ശക്തമാണ്. വഴിക്കടവ് ആനമറി ചെക്ക് പോസ്‌റ്റിലും ഇന്ന്(27.08.2022) പരിശോധന നടത്തി. അതിർത്തി ചെക്‌പോസ്‌റ്റ് വഴിയും ട്രെയിൻ മാർഗവും പാർസൽ കൊറിയർ സംവിധാനങ്ങളിലൂടെയും ജില്ലയിലേക്ക് മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. യാത്ര ചരക്ക് വാഹനങ്ങളിലും പരിശോധന നടത്തി. പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് നായ ലൈക്കയെയടക്കം ഉൾപ്പെടുത്തിയാണ് പരിശോധന.