കോട്ടയം: കോതനല്ലൂരില്‍ ഓട്ടോ ഡ്രൈവറിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. മുട്ടച്ചിറ സ്വദേശികളായ അനന്ദു പ്രദീപ് (23), രതുല്‍ രാജ് (27) മാഞ്ഞൂര്‍ സ്വദേശികളായ ശ്രീജേഷ് (20), ശ്രീലേഷ് (21), തൊടുപുഴ സ്വദേശി അക്ഷയ് (21) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തത്. ഗുണ്ട ആക്രമണണത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മാത്യു (53) തിരികെ വീട്ടിലെത്തിയപ്പോഴായിരുന്നു ബോംബാക്രമണം ഉണ്ടായത്.
കടുത്തുരുത്തി എസ് എച്ച് ഒ രഞ്‌ജിത്ത് വിശ്വനാഥന്‍, എസ് ഐ ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ബോംബും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാക്കളടങ്ങിയ അക്രമി സംഘത്തിന് ഗുണ്ട മാഫിയകളും, കഞ്ചാവ് സംഘങ്ങളുമായും ബന്ധമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
മെയ് ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വാക്ക് തര്‍ക്കത്തിനിടെ ഗുണ്ടകളുടെ കുത്തേറ്റതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയ്‌ക്ക് ശേഷം മാത്യു തിരികെ വീട്ടിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം വീടിന് നേരെ ബോംബെറിഞ്ഞത്.
ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം വഴിയില്‍ സംസാരിച്ചു നിന്നവര്‍ക്കെതിരെയും ബോംബെറിഞ്ഞതായി പ്രദേശവാസികള്‍ വ്യക്തമാക്കി. ബൈക്കിന് പിന്നിലുരുന്നയാളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കാള്‍ വീണ്ടും ആക്രമണത്തിന് ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.