കോട്ടയം:കുമരകത്ത് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ 15 കാരിയായ വിദ്യാർഥിനിയെ കടന്നുപിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനായി കുമരകം പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും സുഹൃത്തുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടില്ല. കുമരകം അപ്സര ജംഗ്ഷനു സമീപമുള്ള അത്തിക്കളം വീട്ടിൽ ദിപിൻ ലാലാണ് കേസിലെ പ്രതി. ഏപ്രിൽ അഞ്ചിന് സന്ധ്യക്ക് 6:30 നായിരുന്നു ജെട്ടി പാലത്തിന്‍റെ വടക്കുവശത്തുവെച്ച് കൂട്ടുകാരോടൊപ്പം വന്ന വിദ്യാർഥിനിയുടെ കൈക്ക് കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തത്. പ്രതിക്കെതിരെ പോക്സോ കേസാണ് ചാർജു ചെയ്‌തിരിക്കുന്നത്.
മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർത്ഥന നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം. പ്രതിയെ പിടിക്കുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. കുമരകത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ,ഹാൻസ് തുടങ്ങിയവയുടെ ഉപയോഗവും വില്പനയും വ്യാപകമായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.