ഗാസിയാബാദ് (ഉത്തര്‍പ്രദേശ്): മര്‍ദനമേറ്റ് അവശനായി നടുറോഡില്‍ കിടക്കുന്നയാളുടെ തലയില്‍ ഇഷ്‌ടിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ (25.10.2022) യാണ് 35 കാരനെ മര്‍ദിച്ച് അവശനാക്കി ഇഷ്‌ടിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. ഗാസിയാബാദ് ജ്വാലി ഗ്രാമത്തിലെ നിവാസിയായ വരുണാണ് കൊല്ലപ്പെട്ടത്.
ഡല്‍ഹി പൊലീസ് ഇന്‍സ്‌പെക്‌ടറായി വിരമിച്ചയാളുടെ മകനാണ് കൊല്ലപ്പെട്ട വരുണ്‍. ഇയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗാസിയാബാദിലെ 'തില മോര്‍' ഏരിയയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കുറ്റവാളികളായ അഞ്ചുപേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഗാസിയാബാദ് എസ്‌പി ഗ്യാനേന്ദ്ര കുമാര്‍ സിങ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.