ഷിംല: ഹിമാചല്‍പ്രദേശിലെ ഉന ജില്ലയിലെ ചേരിയില്‍ തീപിടിത്തം. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് കുട്ടികള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ രമേശ്‌ദാസിന്‍റെ മക്കളായ നീതു കുമാരി (14), ഗോലു കുമാർ (7), ശിവം കുമാർ (6) എന്നിവരും ഇവരുടെ ബന്ധുവായ സോനുകുമാറുമാണ് (17) മരിച്ചത്. ബിഹാറിലെ ദർബംഗ ജില്ലയിൽ നിന്ന് ഉനയിലേക്ക് ജോലിക്കായെത്തിയതാണ് കുടുംബമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്‌ചയാണ് രാത്രി ഉന ജില്ലയിലെ ബനേ ദി ഹട്ടിയിലാണ് സംഭവം. രാത്രിയില്‍ കുട്ടികള്‍ ഉറങ്ങി കിടക്കുന്നതിനിടെ കുടിലിന് തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്‌നി ശമന സേനംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ഉനയിലെ ആശുപത്രിയിലേക്ക് മാറ്റി.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉന എസ്‌പി അര്‍ജിത് സെന്‍ താക്കൂര്‍ പറഞ്ഞു. താനും ഭാര്യയും മറ്റൊരു കുടിലില്‍ ഉറങ്ങുകയായിരുന്നെന്നും എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് അറിയില്ലെന്നും രമേശ് പറഞ്ഞു.
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും കുട്ടികളുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. കുട്ടികളുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്‌തു.