തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിന് വെട്ടേറ്റു. വര്‍ക്കല ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഉച്ചയ്‌ക്ക്(23.09.2022) 3.30ഓടെയാണ് സംഭവം. വര്‍ക്കല സ്വദേശി ജയകുമാര്‍ ആണ് തന്‍റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ബാലു എന്ന യുവാവിന്‍റെ കയ്യിലും മുതുകിലും വെട്ടി പരിക്കേല്‍പിച്ചത്.
അയല്‍വാസി കൂടിയായ യുവാവ് ജയകുമാറിന്‍റെ 17 വയസുള്ള മകളുമായി പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്‍പ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന രക്ഷകര്‍ത്താകളുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിരുന്നു. ആറു മാസം മുന്‍പ് ശിക്ഷ കഴിഞ്ഞിറങ്ങിയെങ്കിലും ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധം തുടര്‍ന്നിരുന്നു.
വിനയായത് ചെരുപ്പ്: ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം കുളിക്കാനായി വീട്ടിലെ ശുചിമുറിയില്‍ കുട്ടി കയറിയപ്പോള്‍ യുവാവ് മതില്‍ ചാടി വീട്ടില്‍ കയറിയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. യുവാവിന്‍റേത് എന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ ഭാര്യ രഞ്ജിനി വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് മെഡിക്കല്‍ സ്റ്റോര്‍ നടത്തി വരികയാണ് പെണ്‍കുട്ടിയുടെ പിതാവ് ജയകുമാര്‍.
യുവാവിന്‍റെ കയ്യില്‍ ആയുധം ഉണ്ടായിരുന്നു എന്നും തന്‍റെ ഭര്‍ത്താവിനെ വെട്ടാന്‍ ശ്രമിച്ചപ്പോഴാണ് ഭര്‍ത്താവ് തിരിച്ച് ആക്രമിച്ചത് എന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. വീട്ടില്‍ എത്തിയ ജയകുമാറും യുവാവും തമ്മില്‍ ബലപ്രയോഗം നടന്നു. വീട്ടിലെ വെട്ടുകത്തി എടുത്താണ് ജയകുമാര്‍ യുവാവിനെ വെട്ടിയത്.
കയ്യിലും മുതുകിലും ആഴത്തില്‍ പരിക്കേറ്റ യുവാവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജയകുമാറിനെയും മകളെയും വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ മൊഴി കൂടി എടുത്തശേഷം മാത്രമേ വിശദമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.