വികാരാബാദ് (തെലങ്കാന) : മന്ത്രവാദിയുടെ ക്രൂര ചികിത്സയ്‌ക്ക് വിധേയയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. ബാധയൊഴിപ്പിക്കലിന്‍റെ പേരിലാണ് മന്ത്രവാദി യുവതിയുടെ കാലുകളിലും, കൈയിലും പൊള്ളലേല്‍പ്പിച്ചത്.
അസുഖ ബാധിതയായ യുവതിയുടെ മാതാപിതാക്കളാണ് രോഗശമനത്തിനായി മന്ത്രവാദിയായ റാഫിയെ സമീപിച്ചത്. താന്‍ പറയുന്നത് ചെയ്‌താല്‍ മകളുടെ ശരീരത്തില്‍ ഉള്ള പിശാച് പുറത്തുപോകുമെന്ന് ബാവ അവരോട് പറഞ്ഞിരുന്നു. റാഫിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ അവിടേക്ക് എത്തിച്ചു.
തുടര്‍ന്ന് അവിടെയെത്തിയ യുവതിയുടെ കൈയിലും, ഇരു കാലുകളിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് മന്ത്രവാദിയെ അറസ്റ്റുചെയ്‌തു. ഇയാള്‍ വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചെന്ന കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പലരില്‍ നിന്നായി ഇയാള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.