തിരുവനന്തപുരം: പീഡന ആരോപണത്തിൽ ഒരാഴ്‌ചയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കൂടുതൽ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോവളത്ത് സെപ്‌റ്റംബർ 14നാണ് വധശ്രമം നടന്നത്.
കോവളം സൂയിസൈഡ് പോയന്‍റിൽ വച്ച് കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് രഹസ്യ മൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും യുവതി ആരോപിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വധശ്രമ കേസ് കൂടി എടുത്തിരിക്കുന്നത്. 307, 354 ബി വകുപ്പുകൾ പ്രകാരമാണ് നടപടി. കേസിലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്‍റെ വസ്ത്രങ്ങളും മദ്യ കുപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു.
യുവതിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. മദ്യക്കുപ്പി വിരലടയാള പരിശോധനയ്‌ക്ക് വിധേയമാക്കും. യുവതിയുടെ വസ്‌ത്രങ്ങളും കസ്റ്റഡിയിലെടുത്തു. ഇവയും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും.
എംഎൽഎയുടെ ഡ്രൈവർ, മറ്റു ചില ജീവനക്കാർ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. യുവതിയെ നാളെ പെരുമ്പാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. എംഎൽഎ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്ന മൊഴിയെ തുടർന്നാണ് പെരുമ്പാവൂരിലെ എൽദോസിൻ്റെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ്.