ഇടുക്കി: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിനുള്ളില്‍ വച്ച് യുവതികള്‍ക്ക് നേരെ പീഡനശ്രമം. സ്വകാര്യ ലാബില്‍ ജോലി ചെയ്‌തിരുന്ന പെണ്‍കുട്ടികളെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി പോകുമ്പോഴാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ലിസനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. സമയം വൈകിയതിനെ തുടര്‍ന്ന് ലാബുടമയാണ് പെണ്‍കുട്ടികളെ ആംബുലന്‍സില്‍ വീട്ടിലേക്കയച്ചത്. വഴിമധ്യേയാണ് ഡ്രൈവറുടെ അതിക്രമം.
ചുരുളി കീരിത്തോട് എന്നിവിടങ്ങളിൽ എത്തേണ്ട പെൺകുട്ടികളുമായി ആംബുലൻസ് തടിയമ്പാട് പിന്നിട്ടു. വഴിമധ്യേ പിൻ സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ കയ്യെത്തിച്ച് പിടിച്ചതായും, ഇതു കണ്ട് മറ്റേ പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ വാഹനം നിർത്തുകയും നിർത്തിയ വാഹനത്തിൽ നിന്നും പെൺകുട്ടി ഡോർ തുറന്ന് പുറത്തിറങ്ങി ബഹളം വയ്‌ക്കുകയും ചെയ്‌തു. ഡ്രൈവർ അനുനയിച്ചു വീണ്ടും യാത്ര തുടരുകയും ചുരുളിയിൽ എത്തിയപ്പോൾ വാഹനം നിർത്തി പെൺകുട്ടിയെ ഇറക്കുകയും ചെയ്‌തു.
വാഹനത്തിൽ നിന്നിറങ്ങിയ പെൺകുട്ടികൾ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയും, ബോധക്ഷയം ഉണ്ടായതായും തുടർന്ന് നാട്ടുകാർ ചേർന്ന് ചേലച്ചുവട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായും ഇടുക്കി സി.ഐ. ബി.ജയൻ പറഞ്ഞു. പെൺകുട്ടികളുടെ മൊഴിയെ തുടർന്നാണ് ചെറുതോണി സ്വദേശി കുട്ടപ്പൻ എന്ന് വിളിക്കുന്ന ലിസനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.