കാസര്‍കോട്: കോഴിക്കോട് തൂങ്ങി മരിച്ച നടിയും മോഡലുമായ ഷഹാന ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ക്രൂര പീഡനങ്ങള്‍ക്കിരയായതിന്‍റെ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച ഷഹാനയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഭര്‍ത്താവ് സജ്ജാദിന്‍റെയും കുടുംബത്തിന്‍റെയും ഉപദ്രവങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. സജ്ജാദിന്‍റെ കുടുംബം വീട്ടുജോലികള്‍ കൂടുതല്‍ ചെയ്യിപ്പിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഭക്ഷണം നല്‍കാതെ പട്ടിണിക്കിടാറുണ്ടായിരുന്നെന്നും ഷഹാന ഡയറിയില്‍ കുറിച്ചിട്ടുണ്ട്.
സജ്ജാദിന്‍റെ വീട്ടില്‍ തനിക്ക് ലഭിച്ചത് വേലക്കാരിയുടെ സ്ഥാനമായിരുന്നെന്നും ഡയറിയില്‍ ഷഹാന വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്‍റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ഷഹാന വീട് വിട്ട് വാടക വീട്ടിലേക്ക് മാറി താമസിക്കാന്‍ തീരുമാനിച്ചതെന്നും ഡയറിയില്‍ പറയുന്നു. മരണ ദിവസവും ഷഹാനക്ക് ക്രൂര മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഡയറിയില്‍ നിന്ന് വ്യക്തമായി.
പോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഷഹാനയുടെ ഡയറി സഹോദരനാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ സുദര്‍ശന് കൈമാറിയത്. സജ്ജാദിന്‍റെ മാതാവിനെയും സഹോദരിയെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഷഹാനയുടെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. മെയ് 12 നായിരുന്നു ഷഹാനയെ കോഴിക്കോട് പറമ്പില്‍ ബസാറിലുള്ള വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയതാണെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഖത്തറില്‍ ജോലി ചെയ്തിരുന്ന സജ്ജാദ് ബന്ധുക്കള്‍ വഴിയാണ് ഷഹാനയെ വിവാഹമാലോചിച്ചെത്തിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് സജ്ജാദും ഷഹനയും പ്രണയത്തിലാവുകയായിരുന്നു.
also read: പുതിയ വീട്ടിലേക്കെത്തിയത് ചേതനയറ്റ ശരീരം ; ഷഹാനയുടെ മൃതദേഹം ഖബറടക്കി