ഇടുക്കി : നെടുങ്കണ്ടത്തെ 12 വയസുകാരൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസിൻ്റെ പ്രാഥമികനിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. മൊബൈൽ ഗെയിമുകൾക്ക് കുട്ടി അടിമപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടർന്ന് മാതാപിതാക്കളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ പരിശോധന നടത്തി.
ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് താലൂക്ക് ഓഫിസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകൻ 12 വയസുള്ള അനന്തുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം താലൂക്ക് ഓഫിസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്‍റെ ജനലിലാണ് തൂങ്ങി മരിച്ചത്.
അനന്തുവിന്‍റെ മാതാപിതാക്കള്‍ സംസാരശേഷിക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവരാണ്. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ഥിയായിരുന്നു അനന്തു. വീടിൻ്റെ മുൻ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വീടിൻ്റെ വാതിൽ ചവിട്ടിത്തുറന്നാണ് സമീപവാസികളും കുട്ടിയുടെ അച്ഛനും അകത്തുകടന്നത്.
ജനലിന് സമീപം തൂങ്ങിയ നിലയിൽ കണ്ടെത്തിയ അനന്തുവിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ALSO READ: തിരുവല്ലം കസ്റ്റഡി മരണം: സുരേഷ് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം, പൊലീസ് സംശയത്തിന്‍റെ നിഴലില്‍
കുട്ടി തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി സമീപവാസികളും ബന്ധുക്കളും പറഞ്ഞു. അനന്തു മൊബൈൽ ഗെയിമുകൾക്ക് അടിപ്പെട്ടിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിക്കുന്നതായി നെടുങ്കണ്ടം പൊലീസ് പറഞ്ഞു. ഇതിനായി കുട്ടി ഉപയോഗിച്ചിരുന്ന ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
നാലുമാസം മുമ്പ് നെടുങ്കണ്ടത്ത് 13 വയസുള്ള മറ്റൊരു കുട്ടിയെയും സമാനമായ രീതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.