ചെന്നൈ : ഹാരിങ്ടണ്‍ റോഡില്‍ 80 വയസുകാരനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ മൂസയെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ശേഷം ഇയാളെ ഒരു സ്ത്രീ നടത്തുന്ന ഡി അഡിക്ഷന്‍ സെന്‍ററിലേക്ക് മാറ്റി.
ഇതിന് ശേഷം മൂസയുടെ മകനായ ബഷീറിനെ വിളിച്ച് പിതാവിനെ മോചിപ്പിക്കാന്‍ അഞ്ച് കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ 25 ലക്ഷം നല്‍കാമെന്ന് ബഷീര്‍ സമ്മതിച്ചു. ഇതിനിടെ ബഷീര്‍ വിവരം കാനത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. പൊലീസ് ഇതോടെ പ്രതികളെ അകത്താക്കാനായി പ്രത്യേക സംഘം രൂപീകരിച്ചു. സാധാരണക്കാരുടെ വേഷത്തിലായിരുന്നു പൊലീസിന്‍റെ നീക്കം.
ചൊവ്വാഴ്ച രാത്രി ബഷീര്‍ പണം കൈമാറി. ഇതോടെ പ്രതികള്‍ മൂസയെ മോചിപ്പിച്ചു. ഈസമയം പൊലീസ് സമീപത്ത് തന്നെ ഒളിച്ചിരിപ്പുണ്ടായിരുന്നു. മൂസയെ കൈമാറിയതോടെ പൊലീസ് പ്രതികളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കാറുമായി രക്ഷപെടാന്‍ ശ്രമിച്ചു. അതിനിടെ പൊലീസ് കോണ്‍സ്റ്റബിളായ ശരവണ കുമാര്‍,കാര്‍ പിന്‍തുടരുകയായിരുന്നു.
Also Read: IPL 2021 : പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത, പൊരുതാനുറച്ച് രാജസ്ഥാൻ
ഇതോടെ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മൂന്ന് കിലോ മീറ്റര്‍ ദൂരം മുന്നോട്ട് നീങ്ങി. ഒടുവില്‍ മതിലില്‍ ഇടിച്ച് നിന്നു. ഇതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാറിനെ പിന്‍തുടരുന്ന പൊലീസിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ട മൂസയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതി അരൂപ് കുമാര്‍ മൂസയുടെ കീഴില്‍ കള്ളക്കടത്ത് നടത്തിയിരുന്നു. ഇതിനിടെയുണ്ടായ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.