കോട്ടയം : കോളജ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്‍റ് വില്ലയിൽ ഷബീർ (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ (28-11-2022) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
സെൻട്രൽ ജങ്ഷനിൽവച്ചാണ് മൂന്നംഗ സംഘം വിദ്യാർഥികളെ ആക്രമിച്ചത്. കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുമ്പോൾ പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങി സമീപത്തെ തട്ടുകടയിൽ ഭഷണം കഴിക്കാൻ കയറിയപ്പോൾ ഇവർക്കുനേരെ യുവാക്കൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തു.
തുടർന്ന് ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥികളെ കാറിൽ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്ന് വിദ്യാർഥികൾ പറഞ്ഞു. ആക്രമണം ഉണ്ടായപ്പോൾ സെൻട്രൽ ജംഗ്ഷനിൽ നിരവധി പേർ ഉണ്ടായിരുന്നിട്ടും ആരും തങ്ങളെ സഹായിച്ചില്ലെന്ന് പെൺകുട്ടി പറഞ്ഞു. സംഭവം നടക്കുമ്പോൾ ടൗണിലൂടെ പട്രോളിങ്ങിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷിച്ചത്.
Read more:കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിയേയും സുഹൃത്തിനെയും ആക്രമിച്ചു
പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച 3 അംഗ സംഘത്തെ പൊലീസ് സംഭവസ്ഥലത്തുവച്ച് തന്നെ അറസ്‌റ്റ് ചെയ്‌തു. സ്‌ത്രീത്വത്തെ അപമാനിച്ചതിന് അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.