പുതുക്കോട്ടൈ: പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. ജനുവരി 1നാണ് കേസിനാസ്‌പദമായ സംഭവം. തമിഴ്‌നാട്ടിലെ കോത്തങ്കുടി ഗ്രാമത്തിൽ വൈരാണ്ടി കുളത്തിൽ കുളിക്കാനിറങ്ങിയ സ്‌ത്രീകളെ അയ്യപ്പൻ, മുത്തുരാമൻ എന്നിവർ ചേർന്ന് അസഭ്യ വർഷവും ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്നാണ് ആരോപണം.
കൂടാതെ, കുളിക്കാനിറങ്ങിയ സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ വലിച്ചെറിയുകയും വടി ഉപയോഗിച്ച് അവരെ ആക്രമിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ജാതീയമായ അധിക്ഷേപങ്ങളെ തുടർന്ന് സ്‌ത്രീകൾ അർധനഗ്നരായി വീടുകളിലേക്ക് മടങ്ങുകയായിരുന്നുവെന്ന് തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് (ടിഎൻയുഇഎഫ്) അഡ്‌മിനിസ്ട്രേറ്റർ ജീവാനന്ദം പറഞ്ഞു.
സംഭവത്തിൽ പരാതി നൽകാൻ അരന്താങ്കി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് നാഗുഡി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെന്ന് സ്‌ത്രീകളിൽ ഒരാളുടെ ഭർത്താവ് പറഞ്ഞു. പരാതിയെ തുടർന്ന് അയ്യപ്പൻ, മുത്തുരാമൻ എന്നിവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം നാഗുഡി പൊലീസ് കേസെടുത്തു. ജില്ല കലക്‌ടർക്കും പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
കേസെടുത്തതിന് പിന്നാലെ രണ്ട് പ്രതികളും ഒളിവിൽ പോയി. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.