പാലക്കാട്: വാളയാറില്‍ ആറ് കിലോ കഞ്ചാവുമായി ഗുണ്ട സംഘത്തിലെ ഒരാള്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. എറണാകുളം -കണയന്നൂർ സ്വദേശി കണ്ടെയ്നര്‍ സാബു എന്നറിയപ്പെടുന്ന സാബു ജോർജ് (39) ആണ് എക്സൈസിന്‍റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന എറണാകുളം സ്വദേശി റോജസാണ് ഓടി രക്ഷപ്പെട്ടത്.
തിങ്കളാഴ്‌ച (23.05.22) രാവിലെയാണ് സംഭവം. വാളയാര്‍ ചെക്പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി എത്തിയ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് എട്ട് കിലോമീറ്റര്‍ അപകടകരമായ രീതിയില്‍ സഞ്ചരിച്ച കാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു.
തുടര്‍ന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ കോരയാര്‍ പുഴയുടെ തീരത്തെത്തിയ കാറിന്‍റെ ചക്രങ്ങള്‍ ചെളിയില്‍ താഴുകയായിരുന്നു. പ്രതികളെ പിന്‍തുടര്‍ന്നെത്തിയ എക്സൈസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് റോജസ് പുഴയില്‍ ചാടി രക്ഷപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ കഞ്ചാവും 40,000 രൂപയും എക്സൈസ് കണ്ടെടുത്തു.
അറസ്റ്റിലായ സാബു എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ്. ഓടി രക്ഷപ്പെട്ട റോജസിനായി എക്സൈസും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണർ എം രാകേഷ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ്, എന്നിവരുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ പെരേര, പ്രിവന്റീവ് ഓഫിസർമാരായാ ആർഎസ് സുരേഷ്, മുഹമ്മദ് ഷെരീഫ്, സിഇഒമാരായ ഡി ഹരിപ്രസാദ്, പികെ രാജേഷ്, സി അനൂപ്, വികെ ലിസ്സി തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
also read: ഷഹാനയുടെ മരണം : സജാദിന് ലഹരിക്കച്ചവടം, ഇടപാടുകള്‍ ഭക്ഷ്യസാധന വിതരണത്തിൻ്റെ മറവില്‍