തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവും ലഹരി മരുന്ന് ഗുളികകളും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് എൽഎസ്‌ഡി സ്റ്റാമ്പുകളും എംഡിഎംഎ ഗുളികകളും അടക്കം എക്‌സൈസ് കണ്ടെത്തിയത്. രണ്ടു കേസുകളിലായി മൂന്നു പേരെയാണ് കഴക്കൂട്ടം എക്സൈസിസ് കസ്റ്റഡിയിലെടുത്തത്.
Also Read: അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഹനീഫയെ വഞ്ചന കേസിൽ അറസ്റ്റ് ചെയ്‌തു
ശ്രീകാര്യം വെഞ്ചാവോടു വച്ചാണ് രണ്ടു കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ വെഞ്ചാവോട് സ്വദേശി നന്ദു(21) കഴക്കൂട്ടം സ്വദേശിയായ വിശാഖ് (23) എന്നിവർ പിടിയിലായത്.
പാങ്ങപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ബൈക്കിൽ വരികയായിരുന്ന മുഹമ്മദ് സനുവിന്‍റെ (25) കൈവശം നിന്ന് എൽഎസ്‌ഡി സ്റ്റാമ്പുകളും എംഡിഎംഎ ഗുളികകളും പിടികൂടിയത്. സ്വിഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരെന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത്.
സംശയം തോന്നാതിരിക്കാൻ ഭക്ഷണ വിതരണത്തിനുള്ള ബാഗിലാണ് പ്രതികൾ ലഹരി പദാർഥങ്ങൾ കടത്തിയിരുന്നത്. വിദ്യാർത്ഥികൾക്കും ഐടി മേഖലിയിലുള്ളവർക്കുമാണ് ഇവ വില്പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് ലഹരി പദാർഥങ്ങളുടെ കടത്ത് കൂടുമെന്നതിനാൽ എക്സൈസ് സംസ്ഥാനത്തുടനീളം വ്യാപക പരിശോധനയാണ് നടത്തുന്നത്.