ന്യൂഡൽഹി : ഡൽഹി വനിത കമ്മിഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാളിന്‍റെ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ബിജെപി എംപി മനോജ് തിവാരി. ഡൽഹി പൊലീസിനെ അപകീർത്തിപ്പെടുത്താനായി ഒരു സ്വകാര്യവാർത്താചാനലിന്‍റെ സഹായത്തോടെ സ്വാതി കെട്ടിച്ചമച്ച സംഭവമാണിതെന്ന് എംപി മനോജ് തിവാരി ആരോപിച്ചു.
ജനുവരി 19ന് ഡല്‍ഹി എയിംസിന് മുന്‍പില്‍ വച്ച് സ്‌ത്രീ സുരക്ഷാ പരിശോധനയ്‌ക്കെത്തിയ തന്നെ മദ്യലഹരിയില്‍ കാറിലെത്തിയയാള്‍ അസഭ്യം പറയുകയും 15 കിലോമീറ്റര്‍ വലിച്ചിഴക്കുകയും ചെയ്‌തുവെന്നാണ് മലിവാളിന്‍റെ ആരോപണം. സംഭവത്തില്‍ കുറ്റാരോപിതനായ ഹരീഷ് ചന്ദ്ര സൂര്യവംശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഡിസിഡബ്ല്യു ചീഫ് സ്വാതി മലിവാളിന് എന്ത് സംഭവിച്ചു എന്നതിൽ ഞങ്ങൾ ആശങ്കാകുലരായിരുന്നു. അതിനാൽ ഞങ്ങൾ അത് വിശദമായി അന്വേഷിച്ചു. എന്നാൽ, അന്വേഷണത്തിലെ കണ്ടെത്തലുകൾ വനിത കമ്മിഷൻ മേധാവിയുടെ അവകാശവാദവുമായി പൊരുത്തപ്പെടുന്നില്ല. 10-15 മീറ്ററോളം വലിച്ചിഴച്ചതായി സ്വാതി പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് മനോജ് തിവാരി ആരോപിച്ചു.
അറസ്റ്റിലായ ഹരീഷ് ആം ആദ്‌മി പാർട്ടി എംഎൽഎ പ്രകാശ് ജർവാളിന്‍റെ അടുത്ത അനുയായിയാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഈ സംഭവം മുഴുവൻ ഒരു സ്വകാര്യ വാർത്താചാനലിന്‍റെ സഹായത്തോടെ നടത്തിയ കള്ളക്കഥയാണെന്നും മനോജ് പറഞ്ഞു.
എന്തിനാണ് സ്വാതി മലിവാൾ കാറിന്‍റെ മറുവശത്തേക്ക് പോയത് ? അവർ കാറിനുള്ളിൽ കൈ വയ്ക്കുന്നത് വ്യക്തമായി കാണാം. ഡ്രൈവർ പിന്നീട് എഎപി പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞു. ഈ സംഭവം അരങ്ങേറേണ്ട ആവശ്യം എന്തായിരുന്നു ? മനോജ് ചോദിച്ചു. മുഴുവൻ സംഭവവും ഗൗരവമായി അന്വേഷിക്കേണ്ടത് ആവശ്യമാണ്. പ്രതികളായ ഹരീഷിന്‍റെയും എഎപി എംഎൽഎ പ്രകാശ് ജർവാളിന്‍റെയും ഫോൺകോൾ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും മനോജ് കൂട്ടിച്ചേർത്തു.
Also read: അസഭ്യം പറഞ്ഞു, കാറിൽ വലിച്ചിഴച്ചു, ഡൽഹി വനിത കമ്മിഷൻ അധ്യക്ഷയ്‌ക്ക് നേരെ അതിക്രമം: ഒരാൾ അറസ്‌റ്റിൽ
സ്വാതിക്കെതിരെ ബിജെപി : 'മലിവാളിന്‍റെ നാടകം വെളിച്ചെത്ത് വന്നുവെന്ന്' ബിജെപി നേതാവ് ഷാസിയ ഇൽമിയും ട്വീറ്റ് ചെയ്‌തിരുന്നു. ഡല്‍ഹിയെയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. സ്ത്രീ സുരക്ഷയുടെ ഗുരുതരമായ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം നിയമാനുസൃതമാണോയെന്നും ഇൽമി ചോദിച്ചു.
Also read: സ്വാതി മലിവാളിന് നേരയുണ്ടായ അതിക്രമം: ആരോപണം വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നതിലൂടെ മലിവാൾ സ്ത്രീകളെ ദുർബലപ്പെടുത്തരുതെന്ന് മുൻ ഡിസിഡബ്ല്യു മേധാവി ബർഖ ശുക്ല സിങ് പറഞ്ഞു. മലിവാളിനെ ഉപദ്രവിച്ചെന്ന് ആരോപിക്കപ്പെടുന്ന ഹരീഷ് ചന്ദ്ര സൂര്യവംശി യഥാർഥത്തിൽ സംഗം വിഹാറിലെ ആം ആദ്‌മി പാർട്ടിയുടെ പ്രമുഖ പ്രവർത്തകനാണെന്ന് ഡൽഹി ബിജെപി വർക്കിങ് പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവയും പറഞ്ഞിരുന്നു. സ്വാതി മലിവാള്‍ ആംആദ്‌മി അംഗമാണെന്നും സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ബിജെപിയുടെ ആരോപണം.
Also read: അടിക്കടി പുറത്ത് ; ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും പരോൾ
സ്വാതിയുടെ ട്വീറ്റിന് പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ : വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ നടന്ന സംഭവം സ്വാതി മലിവാൾ ട്വീറ്റ് ചെയ്‌തതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതിന് പ്രതികരണവുമായി എത്തിയിരുന്നു. ഡൽഹിയിലെ ക്രമസമാധാന നിലയ്‌ക്ക് എന്താണ് സംഭവിച്ചതെന്നും വനിത കമ്മിഷൻ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലാത്ത തരത്തിൽ ഗുണ്ടകളുടെ മനോവീര്യം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എൽജി (ലെഫ്.ജനറല്‍) സാഹിബ് കുറച്ച് ദിവസത്തേക്ക് രാഷ്‌ട്രീയം വിട്ട് ക്രമസമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.