ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ബിജെപിയുടെ ചെന്നൈ സെൻട്രല്‍ സോണ്‍ പ്രസിഡന്‍റായ ബാലചന്ദറിനെയാണ് (34) ആറംഗ സംഘം ചൊവ്വാഴ്‌ച രാത്രി നടുറോഡില്‍ കൊല ചെയ്‌തത്.
എന്നാല്‍ അക്രമികളെ കുറിച്ചും കൊലയ്‌ക്ക് പിന്നിലെ കാരണത്തെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
ചിന്താദരിപേട്ടിലുള്ള മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു ബാലചന്ദര്‍. വധഭീഷണി ഉള്ളതിനാല്‍ ബാലചന്ദറിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. യാത്രക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയരികില്‍ ചായ കുടിക്കാന്‍ മാറിയ സമയത്താണ് സംഘം ബാലചന്ദ്രറിനെ വെട്ടിയത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിക്കും. നേരത്തെ ബന്ധുക്കളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ബാലചന്ദര്‍ നല്‍കിയ പരാതിയില്‍ പൊലീസ് പ്രാദേശിക ഗുണ്ട സംഘത്തിലുള്ള പ്രദീപ് എന്നയാളെ അറസ്റ്റ് ചെയ്‌തിരുന്നു.
ബാലചന്ദറിന്‍റെ കൊലയ്‌ക്ക് പിന്നില്‍ ഇയാളും ഇയാളുടെ പിതാവ് ദര്‍ഗ മോഹനുമാണെന്നാണ് പൊലീസിന്‍റെ സംശയം. എന്നാല്‍ ബാലചന്ദറിന് രാഷ്ട്രീയ എതിരാളികളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നതിനാല്‍ ആ രീതിയിലും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.