പത്തനംതിട്ട: അടൂർ നയനം തീയേറ്ററിന് സമീപമുള്ള ഷെഡ് കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോൺക്രീറ്റ് കട്ടിങ് മെഷീനുകൾ, ഗിൽറ്റി, വൈബ്രേറ്റർ തുടങ്ങിയവ മോഷ്‌ടിച്ച കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം പൊന്നുമംഗലം, നേമം പ്ലാവുവിള ഫർഹാൻ വില്ലയിൽ ബാറ്ററി നവാസ് എന്ന് വിളിക്കുന്ന നവാസിനെയാണ് (50) അറസ്‌റ്റ് ചെയ്യ്തത്. ജൂലൈ 27 ന് പുലർച്ചെയാണ് മോഷണം നടന്നത്.
സംഭവ സ്ഥലത്തെയും, പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. ഇയാളുടെ സ്വന്തം വാഹനത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ ശേഷം അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
പിന്നീട് നേമം പൊലീസിന്‍റെ സഹകരണത്തോടെ പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. അടൂർ, കടുതുരുത്തി, തുമ്പ, തിരുവനന്തപുരം ഫോർട്ട് , ചാത്തന്നൂർ, പൂയപ്പള്ളി, ചിങ്ങവനം ,കൊട്ടാരക്കര, പത്തനംതിട്ട, ഇരവിപുരം പൊലീസ് സ്‌റ്റേഷനുകളിലായി മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയാണ് നവാസെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരുവനന്തപുരം നേമത്തുള്ള വാടകവീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണ വസ്‌തുക്കൾ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കൊപ്ര ബിജു, രാജേഷ് തുടങ്ങിയ ചില അറിയപ്പെടുന്ന മോഷ്‌ടാക്കൾ ഇയാളുടെ കൂട്ടാളികളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്, ഇക്കാര്യങ്ങളെ സംബന്ധിച്ചും മറ്റും വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. ജൂലൈ 19, 22 തിയതികളിലും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.